
ചെറുതെങ്കിലും മനോഹരം, മനോഹര സിക്‌സുകളുടെ ആറാട്ട്, വീണ്ടും തകര്‍ത്തടിച്ച് സഞ്ജു
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ട്രിനിഡാഡിനെ ഇളക്കിമറിയ്ക്കുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ സഞ്ജു അതിനെല്ലാം പലിശ സഹിതം കണക്ക് വീട്ടുകയായിരുന്നു മൂന്നാം ഏകദിനത്തില്‍.
മത്സരത്തില്‍ 41 പന്തില്‍ നിന്ന് 51 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സഞ്ജു നിര്‍ഭാഗ്യകരമായി പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.
ചെറുതെങ്കിലും നാല് സിക്സും രണ്ട് ഫോറും സഹിതം സഞ്ജുവിന്റെ മനോഹര ഇന്നിംഗ്സിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സിക്സുകള്‍ രണ്ടാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ യാന്നിക് കറിയക്കെതിരെ ആയിരുന്നു. ഒരെണ്ണം ജെയ്ഡന്‍ സീല്‍സിനെതിരേയും. നാലും ഒന്നിനൊത്ത് മെച്ചം. ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ത്താണ് സഞ്ജു മടങ്ങുന്നത്.
റുതുരാജ് ഗെയ്കവാദ് (8) പുറത്തായ ശേഷം നാലാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ഇഷാന് കിഷനാണ് (64 പന്തില്‍ 77) പുറത്തായ മറ്റൊരു താരം. ശുഭ്മാന്‍ ഗില്‍ (77), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് ക്രീസില്‍. എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചാണ് കിഷന്‍ മടങ്ങിയത്. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആയിരുന്നിത്.
അതിന് തൊട്ടുമുമ്പുള്ള വര്‍ഷം ഓസ്ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറികള്‍ നേടി എം എസ് ധോണിയും പട്ടികയിലെത്തി. മുഹമ്മദ് അസറുദ്ദീന്‍ (1993 ശ്രീലങ്ക), ദിലീപ് വെംഗ്സര്‍ക്കാര്‍ (1985 ശ്രീലങ്ക), കെ ശ്രീകാന്ത് (1982 ശ്രീലങ്ക) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.