sanju-samson-soorya-kumar-yadav-india-west-indies

സഞ്ജുവിനോട് അയിത്തം: ഇന്ത്യന്‍ ജേഴ്‌സി ഊരിവാങ്ങി സൂര്യകുമാറിന് നല്‍കി

  • മലയാളികളെയാകെ അപമാനിച്ചു
  • ചോദിക്കാനും പറയാനും ആളില്ലാത്ത മദ്രാസിയാണോ സഞ്ജു സാംസണ്‍

എ.എസ്. അജയ്‌ദേവ്

ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിനത്തെക്കുറിച്ച് ഒരൊറ്റ ചോദ്യമൊഴിച്ച് മറ്റൊന്നും ചോദിക്കാനില്ല. സൂര്യ കുമാര്‍ യാദവിന് ബി.സി.സി.ഐ എന്തുകൊണ്ട് ജേഴ്‌സി കൊടുത്തില്ല. അത്രയ്ക്കും ദാരിദ്ര്യമാണോ. അതോ, സഞ്ജുവിന്റെ ജേഴ്‌സി ഊരി കൊടുപ്പിച്ചതു വഴി ലോകത്തെ എല്ലാ മലയാളികളെയും നാണം കെടുത്തിയതാണോ. ഇന്ത്യന്‍ ടീമിലെ കളിക്കാരനാണ് സഞ്ജു സാംസണും, സൂര്യകുമാര്‍ യാദവും. ഇരുവര്‍ക്കും അവരവരുടേതായ ഐഡന്റിറ്റിയുമുണ്ട്. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന ആശങ്ക എല്ലാ കോണുകളില്‍ നിന്നും നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

പരമ്പരയില്‍ തന്നെ സഞ്ജു ഉണ്ടാകുമോയെന്നും സംശയമായിരുന്നു. അവിടെ നിന്നുമാണ് സഞ്ജു ടീമില്‍ ഇടം പിടിച്ചത്. ടീം പ്രഖ്യാപനത്തിന്റെ അവസാന നിമിഷം വിക്കറ്റ് കീപ്പറായി നാലാമത് പേരു തീരുമാനിച്ചതിനു ശേഷമാണ് അട്ടിമറി നടന്നത്. ടോസ്‌നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തിട്ടും കീപ്പര്‍ കം ബാറ്ററായ സഞ്ജുവിനെ തഴഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് മലയാളികള്‍ക്ക് സംശയം തോന്നിയാല്‍ അതിനെ ആര്‍ക്കും തെറ്റുപറയാനൊക്കില്ല. സഞ്ജുവിനെ മാറ്റിയാല്‍ ആരും പരാതിയോ പരിഭവമോ പറയില്ല എന്ന മലയാളിയുടെ മാന്യതയെ ചൂഷണം ചെയ്യുന്ന നടപടിയായിരുന്നു അത്.

എന്ത് കഴിവുകേടാണ് സഞ്ജുവില്‍ ചാര്‍ത്താനുള്ളത്. നോര്‍ത്തിന്ത്യന്‍ ലോബികള്‍ വിളിക്കുന്ന മദ്രാസി ആയതു കൊണ്ടോ. അതോ വാതുവെയ്പ്പിന്റെ പേരില്‍ പഴികേട്ട ശ്രീശാന്തിന്റെ പിന്‍ഗാമിയെന്ന ലേബല്‍ നിങ്ങള്‍ ഒട്ടിച്ചിട്ടുണ്ടോ. നോക്കൂ, ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരത്തിനായി ചോര നീരാക്കി മൈതാനങ്ങളില്‍ കളിക്കുന്ന നിരവധി കുരുന്നുകള്‍ ഉണ്ടിവിടെ. അവരുടെ ഭാവിയും സ്വപ്‌നങ്ങളും സഞ്ജുവിന്റെയും ടിനുയോഹന്നാന്റെയും ശ്രീശാന്തിന്റെയുമൊക്കെ പ്രചോദനങ്ങളിലൂടെയാണ് പൂവണിയേണ്ടത്. അതാരും മറന്നു പോകരുത്.

ഇനിയും സഞ്ജുവിന്റെ ഓരോ അവസരങ്ങളും നഷ്ടപ്പെട്ടാല്‍ അതിന് കാരണം ബിസി.സി.ഐയുടെ ചിറ്റമ്മ നയമാണെന്നേ കരുതാനാകൂ. ഇഷാന്‍ കിഷന്‍ ഒഴികെ മറ്റൊരു താരത്തിനും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. വെസ്റ്റ് ഇന്‍ഡീസ് സ്‌കോര്‍ ഇരുന്നൂറു റണ്‍സിലധികമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിഷമിച്ചു പോകുമായിരുന്നു. ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണെ തഴഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മധ്യനിരയില്‍ അവസരം നല്‍കിയത് അവസാനം കളിച്ച ഏകദിനങ്ങളെല്ലാം വന്‍ പരാജയമായി മാറിയ സൂര്യ കുമാര്‍ യാദവിനായിരുന്നു.

ഒരു സിക്‌സര്‍ നേടിയതൊഴിച്ചാല്‍ സൂര്യകുമാര്‍ യാദവ് പരാജയമായിരുന്നു. 25 പന്തില്‍ 19 റണ്‍സായിരുന്നു സൂര്യയുടെ സംഭാവന. വളരെ ചെറിയ വിജയലക്ഷ്യത്തെ മറികടക്കാന്‍ ഇന്ത്യക്കു 5 വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരികയും ചെയ്തുവെന്നതിലാണ് കാര്യമുള്ളത്. സൂര്യ കുമാര്‍ യാദവിന്റെ മുന്‍പത്തെ 5 ഏകദിനങ്ങളിലെ സ്‌കോര്‍ 0, 0, 0, 14, 0 ആണെങ്കില്‍ സഞ്ജു സാംസന്റെ സ്‌കോര്‍ 36, 2, 30, 86, 15 എന്നതാണ്. ഇത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരും, ടീം ഒഫീഷ്യല്‍സും കാണുന്നില്ലേ. വിലയിരുത്തുന്നില്ലേ. ക്രീസില്‍ റണ്‍സെടുക്കുന്നതിനൊപ്പം കളി അവസാനിക്കും വരെയോ, ടീം വിജയിക്കുന്നതു വരെയോ കളിക്കാന്‍ കഴിയുന്ന താരം തന്നെയാണ് സഞ്ജു സാംസണ്‍.

അടക്കത്തോടെ കളിക്കേണ്ടിടത്ത് അടക്കവും, ആക്രമിക്കേണ്ടിടത്ത് ആക്രമിക്കുകയും ചെയ്യുന്ന ബാറ്റര്‍. ഇത് മനസ്സിലായിട്ടും, ബോധപൂര്‍വ്വമുള്ള ഒഴിവാക്കല്‍ അസഹനീയമായിക്കഴിഞ്ഞു. സഞ്ജു സാംസണ് വീണ്ടും അവസരം നിഷേധിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ജയിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിര അമ്പേ പരാജയമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 114 റണ്‍സിന് എറിഞ്ഞിട്ടു. 23 ഓവറാണ് ഇന്ത്യ എറിഞ്ഞത്.
43 റണ്‍സെടുത്ത സായ് ഹോപ്പ് മാത്രമാണ് വെസ്റ്റിന്റീസ് ബാറ്റിംഗ് നിരയില്‍ പൊരുതിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയ മത്സരം.

കുല്‍ദീപ് യാദവ് 4 വിക്കറ്റ് എറിഞ്ഞിട്ടപ്പോള്‍ രവീന്ദ്ര ജഡേജ 3 വിക്കറ്റും വീഴ്ത്തി. മൂന്നു വിക്കറ്റുകള്‍ പേസര്‍മാരും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍ ഒരു സിക്സറും ഏഴു ബൗണ്ടറിയും പറത്തി 46 പന്തില്‍ 52 റണ്‍സെടുത്തു. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. 16 പന്തില്‍ 17 റണ്‍സാണ് ഗില്ലിന്റെ സംഭാവന. പകരമെത്തിയ സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 19 റണ്‍സെടുത്ത് ഔട്ടായി. ഹാര്‍ദിക് പാണ്ഡ്യ 7 പന്തില്‍ 5 റണ്ണും, 4 പന്തില്‍ 1 റണ്ണുമായി ഷര്‍ദുല്‍ ഠാക്കൂറും, മടങ്ങി. രവീന്ദ്ര ജഡേജ 16 റണ്ണും, രോഹിത് ശര്‍മ്മ 12 റണ്ണുമെടുത്ത് ഔട്ടാവാതെ കളി ജയിച്ചു. വെസ്റ്റിന്റീസ് വിക്കറ്റെല്ലാം നഷ്ടപ്പെടുത്തി 23 ഓവറില്‍ എടുത്ത 114 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് 22.5 ഓവറാണ്. അഞ്ചു വിക്കറ്റും നഷ്ടപ്പെടുത്തിയെന്നതാണ് അത്ഭുതം.

Leave a Reply

Your email address will not be published.

afsana_arrest-crime-death-murder-wife Previous post മൊഴി മാറ്റിമാറ്റി പറഞ്ഞ് അഫ്‌സാന; മൃതദേഹത്തിനായി പൊലീസിന്റെ തിരച്ചില്‍; നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍
lionel-messi-foot-ball-club-american-celibrities-stars Next post അമേരിക്കന്‍ സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി