sadhya-vazha ila-shamseer-pinarayi

ഓണസദ്യയില്‍ പണികൊടുത്ത് ഗണേശന്‍; ചോറും സാമ്പാറും മിത്തായി, ഷംസീറിന് കിട്ടിയത് വെറും പായസവും പഴവും മാത്രം

  • ഷംസീറിന്റെ ഒരു നേരത്തെ അന്നമെങ്കിലും മുടക്കി വിഘ്‌നേശ്വരന്‍, അതും ഓണസദ്യ തന്നെ
  • മുഖ്യമന്ത്രി 10 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഓണസദ്യ നാളെ
  • പൗരപ്രമുഖര്‍ 500 പേര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, പാര്‍ട്ടി നേതാക്കള്‍ 1000 പേര്‍

എ.എസ്. അജയ്‌ദേവ്

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണസദ്യ അടപടലം പാളി. ഇലയിട്ട് ചോറിനായി കാത്തിരുന്നത് അരമണിക്കൂര്‍. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കര്‍ക്കും വി.ഐ.പികള്‍ക്കും വയറു നിറയ്‌ക്കേണ്ടി വന്നു. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭാ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ ഓണസദ്യ ഒരുക്കിയത്. നേരത്തെ, ജീവനക്കാര്‍ പിരിവിട്ടായിരുന്നു ഓണാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. ഇത്തവണ നിയമസഭാ ജീവനക്കാര്‍ക്ക് ഓണസദ്യ ഒരുക്കാനായി സ്പീക്കര്‍ ഇടപെട്ട് ക്വട്ടേഷന്‍ ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സര്‍വ്വീസായിരുന്നു ക്വട്ടേഷന്‍ നേടിയത്. 1300 പേര്‍ക്ക് സദ്യ ഒരുക്കുന്നതിനായിരുന്നു ക്വട്ടേഷന്‍. എന്നാല്‍, ഇത്രയും പേര്‍ക്ക് സദ്യയൊരുക്കുന്നതില്‍ വീഴ്ച വരുത്തുകയായിരുന്നു.

ഓണാഘോഷമെല്ലാം കഴിഞ്ഞ് സദ്യയുണ്ണാന്‍ ആദ്യപന്തിയില്‍ 450 പേരോളം സദ്യകഴിച്ചു. രണ്ടാംപന്തി തൊട്ടാണ് സദ്യവട്ടങ്ങള്‍ കുറഞ്ഞത്. മിക്കപേര്‍ക്കും സദ്യവട്ടങ്ങളൊന്നും പൂര്‍ണ്ണമായി കിട്ടിയിരുന്നില്ല. ഈ സമയത്തായിരുന്നു സ്പീക്കറും മറ്റ് വി.ഐ.പികളും സദ്യയുണ്ണാന്‍ എത്തിയത്. സ്പീക്കര്‍ അടക്കം എല്ലാവര്‍ക്കും ഇലയിട്ടു. 30 മിനിട്ടോളം കാത്തിരുന്നിട്ടും ചോറെത്തിയില്ല. പിന്നാലെ കറികളും. സഹിയും ക്ഷമയും കെട്ട് ഒടുവില്‍ പേരിന് കിട്ടിയ പായസവും പഴവും കഴിച്ച് മടങ്ങുകയായിരുന്നു. ജീവനക്കാരില്‍ മിക്കവരും സദ്യകഴിക്കാനാകാതെ പുറത്തു പോയി ഹോട്ടലില്‍ നിന്നും കഴിക്കേണ്ട ഗതികേടാണുണ്ടായത്. ഇ-നിയമസഭയുടെ ഭാഗമായി നിയമസഭയില്‍ ജോലി ചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസെറ്റിയുടെ ഉദ്യോഗസ്ഥരും ഓണസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

സ്പീക്കറുടെ സദ്യയ്ക്ക് ലക്ഷങ്ങളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓണാഘോഷവും മിത്തും സയന്‍സുമൊക്കെ കൃത്യമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് സ്പീക്കര്‍ നടത്തിയ സദ്യയില്‍ സ്പീക്കര്‍ക്ക് ചോറ് കിട്ടാതെ പോയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഷംസീറിന് ചോറ് മിത്തും, പായസവും പഴവും ശാസ്ത്രവുമായി മാറിയതാണെന്നാണ് ഹോട്ടലില്‍ സദ്യകഴിക്കാന്‍ പോയ നിയമസഭാ ജീവനക്കാര്‍ പറയുന്നു. ഷംസീറിന്റെ ഓണസദ്യ പാളിയപ്പോള്‍ ഗണപതിയെ ഓര്‍ത്തവരാണ് കൂടുതലും. ഗണപതി പരാമര്‍ശം പിന്‍വലിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഷംസീര്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഷംസീറിന്റെ ഓണസദ്യ പാളിയത് ഗണപതി കോപമാണെന്നും ചിലര്‍ പറയുന്നു. ഒരു നേരത്തേക്കെങ്കിലും അന്നം മുടക്കാന്‍ ഗണപതിക്കായത് മിത്ത് വിവാദത്തിന്റെ ഭാഗമാണെന്നും ജീവനക്കാര്‍ പറയുന്നു.

അതേസമയം, പൗര പ്രമുഖന്‍മാര്‍ക്കായുള്ള പിണറായിയുടെ ഓണസദ്യ നാളെയാണ് നടക്കുന്നത്. ഏതൊക്കെ പൗര പ്രമുഖരാണോ കടംകേറി മുടിഞ്ഞ ഖജനാവിന്റെ കഴുക്കോല്‍ ഊറ്റിവിറ്റ് മുഖ്യമന്ത്രി നടത്തുന്ന ഓണസദ്യ ഉണ്ണാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയില്ല. എങ്കിലും വാഴ്ത്തുപാട്ടുകള്‍ക്ക് ഈണം നല്‍കുന്നവരുടെ കൂട്ടം ഉണ്ടാകുമെന്നുറപ്പാണ്. 500 പൗര പ്രമുഖര്‍ക്കാണ് ക്ഷണം. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫുകളും പാര്‍ട്ടി നേതാക്കളും കൂടിയാകുമ്പോള്‍ 1000 പേരിലേക്ക് എണ്ണം ഉയരും. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭയില്‍ വച്ചാണ് പരിപാടി എന്നതുകൊണ്ട് ഹാളിന് വാടക കൊടുക്കണ്ട എന്നൊരാനുകൂല്യമുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ ഉത്തരവുകള്‍ ധനവകുപ്പില്‍ നിന്ന് തുടരെ തുടരെ ഇറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വക ഓണസദ്യ എന്നതാണ് വിരോധാഭാസം. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍ നിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേല്‍ തുകയുടെ പ്രധാന ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. ഇതിനിടയിലാണ് കടംകേറി കുത്തുപാളയെടുത്തിരിക്കുന്ന സര്‍ക്കാരിനെ വീണ്ടും മുടിപ്പിക്കാനായി മുഖ്യമന്ത്രിയും സ്പീക്കറും ഓണസദ്യ ഒരുക്കിയത്. അതും സര്‍ക്കാര്‍ ചെലവില്‍. ഇത്തവണത്തെ ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നില്ലെന്ന പരാതിയുമുണ്ട്.

എന്നിട്ടും, ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂളിന്റെ നവീകരണവും വാര്‍ഷിക പരിപാലനത്തിനുമായി ഇതുവരെ ചെലവായത് 42.50 ലക്ഷം രൂപയാണ്. അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിന് ഈ മാസം 20ന് അനുവദിച്ചത് 4.03 ലക്ഷം രൂപയാണ്. ഇങ്ങനെ ഓണക്കാലത്തും, അല്ലാത്തപ്പോഴും ധൂര്‍ത്തടിച്ചു കളയുന്ന കോടികള്‍ക്ക് ഓരോ ന്യായവാദങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

pinarayi-vijayan-puthuppally Previous post പുതുപ്പള്ളി ശ്രദ്ധാ കേന്ദ്രം; പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
post-office-investment-finance Next post നിങ്ങൾക്ക് പോസ്റ്റ് ഓഫിസിൽ നിക്ഷേപമുണ്ടോ?; എന്നാൽ ഇക്കാര്യങ്ങൾ അറിയണം