sachin-pailot-ashok-galot

ഇന്ത്യൻ എയർഫോഴ്സിലെ ധീരനായ പൈലറ്റ്’; ബിജെപിയെ എതിർത്ത് അശോക് ഗെലോട്ട്, സച്ചിന് പിന്തുണ

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി നടത്തിയ ആരോപണത്തെ എതിർത്തു സച്ചിനു പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിന്റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരായ ബിജെപി വാദത്തെ എതിർത്ത് അശോക് ഗെലോട്ട് പ്രതികരിച്ചത്.

‘കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റ്  ഇന്ത്യൻ എയർഫോഴ്‌സിലെ ധീരനായ പൈലറ്റായിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ എയർഫോഴ്‌സിന്റെ ത്യാഗങ്ങളെ അപമാനിക്കുകയാണ്. രാജ്യം മുഴുവൻ ഇതിനെ എതിർക്കണം’   അശോക് ഗെലോട്ട് കുറിച്ചു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിൽ അധികാരത്തർക്കവും ഭിന്നതയും നിലനിൽക്കവേയാണു സച്ചിന് ഗെലോട്ട് പിന്തുണ പ്രഖ്യാപിച്ചതെന്നതു ശ്രദ്ധേയമാണ്. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം കൂടിയാണു രാജസ്ഥാൻ.

മിസോറം തലസ്ഥാനമായ ഐസോളിൽ 1966 മാർച്ച് 5നു ബോംബുകൾ വർഷിച്ചത് അന്നു വ്യോമസേനയിൽ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ വാദം. രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും പിന്നീടു കോൺഗ്രസ് മന്ത്രിമാരായി എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിക്കാനായിരുന്നു മാളവ്യയുടെ ശ്രമം. ഇതിനു മറുപടിയുമായി സച്ചിൻ പൈലറ്റ് തന്നെ രംഗത്തെത്തിയിരുന്നു. 

”താങ്കളുടെ പക്കലുള്ളത് തെറ്റായ തിയതികളും വിവരങ്ങളുമാണ്. വ്യോമസേനാ പൈലറ്റെന്ന നിലയിൽ എന്റെ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്. പക്ഷേ, അതു താങ്കൾ പറയുന്നതു പോലെ 1966 മാർച്ച് 5ന് മിസോറമിനു മേലായിരുന്നില്ല. മറിച്ച്, 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനു (ബംഗ്ലദേശ്) മേലായിരുന്നു. അദ്ദേഹം വ്യോമസേനയിൽ ചേർന്നത് 1966 ഒക്ടോബർ 29നാണ്”. ഇതുമായി ബന്ധപ്പെട്ട രേഖയും സച്ചിൻ പോസ്റ്റിനൊപ്പം ചേർത്തു. 

Leave a Reply

Your email address will not be published.

road-corporation-trivandrum Previous post നഗരത്തിലെ റോഡുകളിലെ കുഴി നഗരസഭയുടെ പരാജയം: ഹൈകോടതി
thanchavoor-murder-kaamukan Next post വാടകക്കൊലയാളികളെ ഉപയോഗിച്ച് കാമുകനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അടക്കം എട്ടുപേർ അറസ്റ്റിൽ