
സൗദി അറേബ്യയ്ക്ക് പിന്നാലെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ റഷ്യ; ഇന്ത്യയ്ക്ക് തിരിച്ചടി
ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ച് ആഗോള വിപണിയിൽ എണ്ണവില വർധിച്ചു. സൗദി അറേബ്യയ്ക്ക് പുറമെ റഷ്യയും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെയാണിത്. യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധി നേരിടവെ എണ്ണവില വർധിക്കുന്നത് കൂടുതൽ തിരിച്ചടിയാകും. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എണ്ണ കയറ്റുമതിയിൽ മുൻ നിരയിലുള്ള രണ്ട് രാജ്യങ്ങളാണ് സൗദിയും റഷ്യയും. വില കൂട്ടുന്നതിന് വേണ്ടി എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ റഷ്യ ഇക്കാര്യത്തിൽ ആദ്യം മൗനം തുടർന്നെങ്കിലും ഇപ്പോൾ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്. ഓരോ ദിവസവും അഞ്ച് ലക്ഷം ബാരൽ എണ്ണ കുറയ്ക്കാനാണ് റഷ്യയുടെ തീരുമാനം.
പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ജൂലൈക്ക് പുറമെ ആഗസ്റ്റിലും ഇതേ അളവിൽ ഉൽപ്പാദനം കുറയ്ക്കും. ആവശ്യമെങ്കിൽ ഇത് തുടരുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക് എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ലോകത്ത് ആവശ്യമുള്ള എണ്ണയുടെ 40 ശതമാനം ഉൽപ്പാദിപ്പിക്കുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റു എണ്ണ ഉൽപ്പാദക രാജ്യങ്ങളുമാണ്. മൊത്തം എണ്ണ വിതരണത്തിന്റെ 1.6 ശതമാനമാണ് ഇവർ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതാണ് വിപണിയിൽ വില വർധിക്കാൻ കാരണമായത്. ബ്രെൻഡ് ക്രൂഡിന് 76.30 ഡോളറായി വർധിച്ചു.
അതേസമയം, സൗദിക്ക് പിന്നാലെ റഷ്യയും ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കാരണം ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. നേരത്തെ സൗദിയിൽ നിന്നും പിന്നീട് ഇറാഖിൽ നിന്നുമായിരുന്നു ഇന്ത്യ കൂടുതൽ എണ്ണ ഇറക്കിയിരുന്നത്. ഇപ്പോൾ ഇറാഖും സൗദിയും മൊത്തം നൽകുന്ന എണ്ണയേക്കാൾ കൂടുതൽ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്.