
ചന്ദ്രയാൻ-3 യുടെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തലിന് ഇന്നു തുടക്കമാകും; പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വാലിപ്പിക്കും
ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയർത്തൽ ഇന്നു ആരംഭിക്കും. ഉച്ചയോടെ ആദ്യ ഭ്രമണപഥം മാറ്റമുണ്ടാകും. പേടകത്തിന്റെ ഭ്രമണപാതയുടെ വിസ്താരം വർധിപ്പിക്കുന്നതിനായി പ്രൊപ്പൽഷൽ മൊഡ്യൂൾ ജ്വലിപ്പിക്കും. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തുനിന്ന് ഇതിനുവേണ്ട നിർദേശം നൽകും.നിലവിൽ ചന്ദ്രയാൻ-3 പേടകം 36,500 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 70,000ത്തിലധികം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാകും പേടകം ഇനി ഭൂമിയെ വലയം ചെയ്യുക. ഘട്ടംഘട്ടമായി പേടകത്തെ ഉയർത്തി ചന്ദ്രനെ വലയം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിലെ അടുത്ത ഘട്ടം.ഇന്നലെ ഉച്ചയോടെയാണ് രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചത്. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ 2.35ഓടെ ചന്ദ്രയാനുമായി എൽ.വി.എം 3-എം റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു. പേടകം ചന്ദ്രനിലെത്താൻ ഇനിയും ഒരു മാസമെടുക്കും. തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 24ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.