
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .
സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാകളക്ടർ ഡോ. രേണു രാജ്. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ ഇടവിട്ട് നേരിയ മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബളാൽ പഞ്ചായത്തിലെ ചുള്ളിയിൽ ഇരുപത് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്.