
കാമുകൻ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തു; സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചത് അയ്യായിരം രൂപ വരെ വാങ്ങി
മുൻ കാമുകൻ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. കാമുകൻ പണം വാങ്ങി തന്നെ സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുപത്തിമൂന്നുകാരിയുടെ പരാതിയിൽ ബെംഗളുരുവിലെ നൃത്താധ്യാപകനായ ആൻഡി ജോർജ്ജ്, ഇയാളുടെ സുഹൃത്തുക്കളായ സന്തോഷ്, ശശികുമാർ എന്നിവരെയും കൊടിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിനിടെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
വടക്കുകിഴക്കൻ ബെംഗളൂരുവിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന യുവതി തൊഴിൽ രഹിതയാണ്. രണ്ട് വർഷം മുമ്പാണ് ജോർജ്ജ് യുവതിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലാകുകയും ഇരുവരും ചേർന്നുള്ള ചില സ്വകാര്യ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു.
തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയും വിദേശത്തേക്ക് യാത്രപോകുമ്പോൾ ഒപ്പം കൂട്ടിയും ഇയാൾ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. താനും കാമുകിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങളെല്ലാം ഇയാൾ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതിനിടെ ഇയാൾ തന്റെ സുഹൃത്തുക്കളായ സന്തോഷിനെയും ശശികുമാറിനെയും യുവതിക്ക് പരിചയപ്പെടുത്തി. പിന്നാലെ, തന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഇയാൾ കാമുകിയോട് ആവശ്യപ്പെടുകയായിരുന്നു. കൂട്ടുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽ താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ യുവതി കാമുകന്റെ കൂട്ടുകാർക്കും വഴങ്ങിക്കൊടുത്തു. യുവതിയുമൊത്തുള്ള സന്തോഷിന്റെയും ശശിയുടെയും സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും ജോർജ്ജ് മൊബൈലിൽ പകർത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി ജോർജ്ജ് തന്റെ സുഹൃത്തുക്കളിൽ നിന്ന് 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയിരുന്നു. ഇതിനിടെ യുവതി കാമുകനുമായി അകന്നു. ഇതിന്റെ പകയിൽ ജോർജ്ജ് യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു.
പീഡനം സഹിക്കാനാകാതെ ഒടുവിൽ യുവതി പരാതി നൽകുകയായിരുന്നു. പ്രതികളിൽ നിന്ന് ഫോട്ടോകൾ, വീഡിയോകൾ, പെൻഡ്രൈവ്, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) ലക്ഷ്മി പ്രസാദ് പറഞ്ഞു.