
സെപ്റ്റംബർ 7ന് ജയിലർ ഒടിടിയിലെത്തും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്
തീയറ്ററിൽ വൻ വിജയമായ രജനികാന്ത് ചിത്രം ‘ജയിലർ’ സെപ്തംബർ 7 മുതൽ ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം പതിപ്പുകളിൽ ജയിലർ കാണാനാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്ത് കൃത്യം 30-ാം ദിവസമാണ് ഒടിടിയിലെത്തുന്നത്.’ജയിലർ’ ബോക്സ് ഓഫീസിൽ വൻ വിജയമായതോടെ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും പ്രൊഡക്ഷൻ കമ്പനിയായ സൺ പിക്‌ചേഴ്‌സിന്റെ ഉടമ കലാനിധി മാരൻ ഇന്നലെ ആഡംബര കാറും, ലാഭവിഹിതത്തിന്‍റെ ഒരു പങ്കും നൽകിയിരുന്നു. രജനികാന്തിന് ബിഎംഡബ്ല്യു എക്സ്7നും, നെൽസണ് പോർഷെ കാറുമാണ് സമ്മാനിച്ചത്. ചിത്രത്തിന്റെ ലാഭവിഹിതം കൂടി ലഭിച്ചതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത് മാറി.ആദ്യം 110 കോടി രൂപയായിരുന്നു സൺപിക്ച്ചേഴ്സ് പ്രതിഫലമായി രജനീകാന്തിന് നൽകിയിരുന്നത്. ഇന്നലെ ലാഭവിഹിതമായി 100 കോടിയുടെ ചെക്കും നൽകി. ഇതോടെ ജയിലറിൽ രജനീയുടെ പ്രതിഫലം 210 കോടിയായി ഉയർന്നു. ഇതുവരെ 620 കോടിയിലേറെ രൂപയാണ് ജയിലർ നേടിയ കളക്ഷൻ. ആദ്യ വാരം തന്നെ ആഗോളതലത്തിൽ നാനൂറ് കോടിയിലേറെ രൂപയും ജയിലർ നേടിയിരുന്നു. ആഗസ്റ്റ് 10നാണ് ജയിലർ തീയേറ്ററുകളിലെത്തിയത്.