
കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം; നടൻ രജനീകാന്തിനെ കണ്ട് അമ്പരന്ന് ജീവനക്കാർ
കണ്ടക്ടറായി ജോലി നോക്കിയിരുന്ന ജയനഗറിലെ ബി.എം.ടി.സി. ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ രജനീകാന്ത്. ചൊവ്വാഴ്ച രാവിലെയാണ് ജീവനക്കാരെ അമ്പരപ്പിച്ച് മുമ്പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ രജനീകാന്തെത്തിയത്. ജീവനക്കാരോട് വിശേഷങ്ങൾ തിരക്കിയും ഒന്നിച്ചുനിന്ന് ഫോട്ടോയെടുത്തും 10 മിനിറ്റോളം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ആദ്യമൊന്നമ്പരന്നെങ്കിലും സൂപ്പർസ്റ്റാറിനെ ഡിപ്പോ ജീവനക്കാർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം സംബന്ധിച്ച് ഒരു സൂചനകളും ലഭിച്ചിരുന്നില്ലെന്ന് ബി.എം.ടി.സി. അധികൃതർ പറഞ്ഞു. നഗരത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു രജനീകാന്ത്.
സിനിമാജീവിതം തുടങ്ങുന്നതിന് മുമ്പ് ബി.എം.ടി.സി.യിലെ കണ്ടക്ടറായിരുന്നു രജനീകാന്ത്. അന്ന് ജയനഗർ ഡിപ്പോയിലായിരുന്നു ജോലി. പിന്നീട് ജോലിയുപേക്ഷിച്ച് സിനിമാ മോഹവുമായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. സിനിമയിൽ ഉയരങ്ങൾ താണ്ടുമ്പോഴും ഒപ്പം ജോലിചെയ്തിരുന്നവരുമായുള്ള ബന്ധം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.
പുറത്ത് കാറുനിർത്തിയശേഷം ഡ്രൈവർക്കും ഒരു സുഹൃത്തിനുമൊപ്പമാണ് രജനീകാന്ത് ഡിപ്പോയിലെത്തിയതെന്ന് ബി.എം.ടി.സി. ജീവനക്കാർ പറഞ്ഞു. ഡിപ്പോയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരോടും വിശേഷങ്ങൾ തിരക്കാനും സമയം കണ്ടെത്തി.
