
ബിജെപിക്ക് താല്പര്യം അധികാരത്തിൽ മാത്രം; അതിനായി അവർ മണിപ്പൂർ മാത്രമല്ല, രാജ്യം തന്നെ കത്തിക്കുമെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നും, അധികാരത്തിൽ മാത്രമാണ് അവർക്ക് താല്പര്യമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിനു വേണ്ടി അവർ മണിപ്പുരും വേണ്ടിവന്നാൽ ഇന്ത്യ മുഴുവനായും കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പങ്കുവച്ച വിഡിയോയിലാണ് രാഹുൽ ഈക്കാര്യങ്ങൾ പറഞ്ഞത്.
നിങ്ങൾക്ക് രാജ്യസ്നേഹമുണ്ടെങ്കിൽ ഇവിടെയുള്ള ജനങ്ങൾക്ക് വേദനിക്കുമ്പോൾ നിങ്ങൾ ദുഃഖിക്കും. എന്നാൽ ആർഎസ്എസ്–ബിജെപി പ്രവർത്തകർക്ക് അത്തരം ഭാവഭേദങ്ങളില്ല. അവര്‍ ഇന്ത്യയെ വിഭജിക്കുന്ന പ്രവര്‍ത്തനത്തിൽ ഏർപ്പെടുകയാണെന്നും യൂത്ത് കോൺഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് അദ്ദേഹം നിശ്ശബ്ദനായിരിക്കുന്നത്. അവരുടെ പ്രത്യയശാസ്ത്രം തന്നെയാണ് മണിപ്പുരിനെ കത്തിക്കുന്നതെന്ന് അവർക്കറിയാമെന്നും രാഹുൽ പറഞ്ഞു.