
രാജ്യത്തെ ഒരു അധ്യാപകന് ഇതിലും മോശമായി ഒന്നും ചെയ്യാനാകില്ല; യുപിയിലെ സംഭവത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് യുപിയിലെ ക്ലാസ് മുറിയിലും ഉപയോഗിച്ചതെന്ന് രാഹുൽ ഗാന്ധി. ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘നിരപരാധികളായ കുട്ടികളുടെ മനസിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണ്. ഇന്ത്യയിൽ ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാനാകില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബിജെപി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ – രാഹുൽ ഗാന്ധി കുറിച്ചു.
സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും വിമർശനം ഉന്നയിച്ചിരുന്നു. ‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് തന്നെ വിദ്വേഷ ഭിത്തി പണിയുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രു’- പ്രിയങ്ക പറഞ്ഞു.മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ വെച്ചാണ് ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‍ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ചത്. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്. മുമ്പും വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം ഈ അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയുടെ കുടുംബം പറഞ്ഞു.