
റാഗിങ്; അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി യുജിസി
റാഗിങ്ങിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് യുജിസി. വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് യുജിസി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2018 ജനുവരി 1 മുതൽ 2023 ഓഗസ്റ്റ് 1 വരെയുള്ള കാലയളവിൽ കേന്ദ്ര സമിതിക്കു മുൻപിൽ റിപ്പോർട്ട് ചെയ്ത കേസുകളാണ് ഇവ.ഇക്കാലയളവില്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നാല് മരണവും, ഒഡീഷയിൽ മൂന്നും, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ , ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ രണ്ട് മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്. ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ് , ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലായി ഒരോ മരണവും ഉണ്ടായിട്ടുണ്ട്.തമിഴ്നാട്ടിലുണ്ടായ നാല് ആത്മഹത്യ കേസുകളിൽ മൂന്നും റിപ്പോർട്ട് ചെയ്തത് ചെന്നൈയിലാണ്. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാത്രം രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്. ജയ്ഗോവിന്ദ് ഹരിഗോപാൽ അഗൽവാൾ അഗർസെൻ കോളേജിലും, തൂത്തുക്കുടി ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിലുമാണ് മറ്റു രണ്ടു ആത്മഹത്യകൾ നടന്നത്. മഹാരാഷ്ട്രയിലെ ഐഐടി ബോംബെയിൽ നിന്ന് രണ്ട് കേസുകളും ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ നിന്നും എംജിഎം മെഡിക്കൽ കോളേജിൽ നിന്നും രണ്ട് കേസുകള്‍ വീതമാണ് റിപ്പോർട്ട് ചെയ്തത്.കോളേജിലെ റാഗിങ്ങ് നിരോധിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി റാഗിങ്ങ് ഹെൽപ്പ് ലൈൻ യുജിസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ യുജിസി കേസെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. മെഡിക്കൽ കോളേജിൽ നിന്നും എഞ്ചിനീയറിംഗ് കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിലയിരുത്തി.