putin-russia-inter-national

പുട്ടിന്റെ വേട്ടപ്പട്ടി ഒടുവിൽ തിരിഞ്ഞു കടിക്കുമ്പോൾ!’; യുക്രൈൻ യുദ്ധത്തിനിടെ റഷ്യയിൽ സംഭവിക്കുന്നതെന്ത്

വെള്ളിയാഴ്ച വൈകുന്നേരം മുതൽ, ശതകോടീശ്വരനും റഷ്യൻ സ്വകാര്യ സായുധ സേനയായ വാഗ്നർ ഗ്രൂപ്പിന്റെ തലവനുമായ യേവ്ജെനി പ്രിഗോഷിനും റഷ്യൻ സൈന്യവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുറന്ന പോരിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്നലെ യുക്രെയിനിൽ വാഗ്നർ ഗ്രൂപ്പിന്റെ സൈന്യം തമ്പടിച്ച താവളത്തിനു നേരെ റഷ്യൻ സൈന്യം ഷെല്ലിങ് നടത്തി എന്നൊരു ആരോപണം പ്രിഗോഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അത് റഷ്യൻ സൈന്യം തള്ളുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെ പ്രിഗോഷിന്റെ ഭാഗത്തുനിന്ന്, വാഗ്നർ സേന മാർച്ച് ഓഫ് ജസ്റ്റിസ് നടത്താൻ പോവുന്നു എന്ന അടുത്ത പ്രഖ്യാപനം വരുന്നു. 

റോസ്തോവ് ഓൺ ഡോൺ, വൊറോണേഴ്‌ എന്നീ തെക്കൻ റഷ്യൻ നഗരങ്ങളിലേക്ക് മാർച്ച് ചെയ്ത ഇരുപത്തയ്യായിരം പേരടങ്ങുന്ന വാഗ്നർ സേന ആ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. റഷ്യൻ സേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടതായി അറിയിച്ച വാഗ്നർ ഗ്രൂപ്പ് ആവശ്യപ്പെട്ടത് ഈ നഗരങ്ങളിൽ ഉണ്ടായിരുന്ന നാഷണൽ ഗാർഡിന്റെ സൈനികർ തങ്ങളെ എതിർത്തില്ല എന്നും, പല സൈനികരും വാഗ്നർ സേനയോടൊപ്പം ചേർന്നു എന്നുമാണ്. അടുത്തതായി മോസ്‌കോയിൽ എത്തി മിലിട്ടറി ലീഡർഷിപ്പ് ഏറ്റെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും പ്രിഗോഷിൻ അറിയിച്ചിട്ടുണ്ട്. 

റഷ്യയ്ക്ക് അധികം വൈകാതെ തന്നെ പുതിയ പ്രസിഡന്റുണ്ടാവും എന്നുവരെ വാഗ്നർ ഗ്രൂപ്പുമായി ബന്ധമുള്ള ചില ടെലിഗ്രാം ചാനലുകളിൽ കാണുന്നുണ്ട്.  സ്വന്തം നാടിനെ നിർണായകമായ ഒരു യുദ്ധം നടക്കുന്നതിനിടെ പിന്നിൽ നിന്ന് കുത്തുകയാണ് യെവ്ജനി പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പും ചെയ്തിരിക്കുന്നത് എന്നും ഈ രാജ്യദ്രോഹപരമായ പ്രവൃത്തിക്കെതിരെ ശക്തമായ  നടപടിയുണ്ടാവും എന്നും പുടിൻ പ്രതികരിച്ചു കഴിഞ്ഞു.   കഴിഞ്ഞ കുറെ മാസങ്ങളായി വാഗ്നർ ഗ്രൂപ്പ്,  യുക്രെയിൻ യുദ്ധത്തിലെ നിലപാടുകളുടെ പേരിൽ റഷ്യൻ സൈനിക നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. അന്നൊക്കെ റഷ്യൻ സൈനിക നേതൃത്വത്തെ വിമർശിക്കുമ്പോഴും പ്രിഗോഷിൻ പുട്ടിനോടുള്ള തന്റെ കൂറ് അടിവരയിട്ടു പറഞ്ഞിരുന്നു. എന്നാൽ, പുതിയ സംഭവവികാസങ്ങൾ പുടിനോടുള്ള പ്രിഗോഷിന്റെ ബന്ധങ്ങൾക്കും ഉലച്ചിൽ തട്ടിച്ചു കഴിഞ്ഞു.

എന്താണ് റഷ്യയുടെ വാഗ്നർ ഗ്രൂപ്പ് ? 

പലരും ഇതിനെ വിളിക്കുന്നത് ഒരു സ്വകാര്യ മിലിട്ടറി കമ്പനി എന്നാണ്. പക്ഷെ അത് പൂർണമായും ശരിയല്ല. കാരണം, വാഗ്നർ ഗ്രൂപ്പ് പൂർണമായും പ്രൈവറ്റോ കമേർഷ്യലോ അല്ല. അതിന് കൃത്യമായ ക്രെംലിൻ ബന്ധങ്ങളുണ്ട്. വാഗ്നറിന്റെ പിന്നിലെ ബുദ്ധികേന്ദ്രം, ‘പുടിൻ’സ് ഷെഫ്’  എന്നറിയപ്പെടുന്ന യേവ്ജനി പ്രിഗോഷിൻ ആണ്. പുറ്റിനുമായി അടുത്ത ബന്ധങ്ങളുള്ള ഇയാൾ ക്രെംലിന്റെ പരിപാടികൾക്ക് കാറ്ററിങ് ഏറ്റെടുത്ത് നടത്തിയിരുന്നു. അതിൽ നിന്ന് പ്രെഗോഷിൻ നേരെ ചാടുന്നത്,’റഷ്യൻ ട്രോൾഫാക്ടറി’ എന്ന ഇന്റർനെറ്റ് റിസർച്ച് ഏജൻസി നടത്തുന്നതിലേക്കാണ്.  

2016 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആക്ഷേപം നേരിട്ട സൈബർ ഏജൻസിയാണ് റഷ്യൻ ട്രോൾ ഫാക്ടറി. യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും പ്രെഗോഷിൻ ഇന്ന് നയിക്കുന്നത്  പരിശീലനം സിദ്ധിച്ച അമ്പതിനായിരത്തോളം വരുന്ന  സായുധ പോരാളികളുടെ ഒരു സ്വകാര്യ മിലീഷ്യയെ ആണ്. ദിമിത്രി ഉറ്റ്കിൻ എന്ന റിട്ടയേർഡ് റഷ്യൻ സൈനിക ഇന്റലിജൻസ് ഓഫീസർ ആണ് വാഗ്നർ സേനയുടെ സ്ഥാപക കമാണ്ടർ.  

2014 -ൽ ക്രൈമിയയിൽ ഒരു പ്രോക്സി വാർ നയിക്കാൻ വേണ്ടിയാണ് ഉറ്റ്കിനെയും സംഘത്തെയും മോസ്‌കോ ആദ്യമായി പറഞ്ഞു വിടുന്നത്. ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പത്തിൽ കൈകഴുകാവുന്ന ഒരു പോരാളി സംഘം എന്ന നിലയ്ക്കാണ് വാഗ്നർഗ്രൂപ്പിനെ ക്രെംലിൻ പ്രയോജനപ്പെടുത്തി വന്നിരുന്നത്. .പുടിനോടുള്ള ബന്ധത്തിന്റെ പുറത്ത് സമ്പത്ത് വാരിക്കൂട്ടിയ പ്രിഗോഷിൻ മെറോ ഗോൾഡ് എന്ന സുഡാനീസ് സ്വർണ ഖനന കമ്പനിയെ അടുത്തിടെ സ്വന്തമാക്കിയിരുന്നു.   

റഷ്യൻ പക്ഷത്തു നിൽക്കുന്ന മറ്റൊരു സൈന്യമായ ചെചൻ സൈന്യത്തിന്റെ തലവൻ റംസാൻ കാദിറോവ്വാ വാഗ്നർ ഗ്രൂപ്പിനെ നിശിതമായി വിമർശിച്ചു കൊണ്ട് രംഗത്തുവന്നു. വാഗ്നർ സേനയോട് പോരാടാൻ ചെചൻ സേനയെ ഉടനടി  റോസ്തോവിലേക്ക് പറഞ്ഞയക്കുമെന്നും കദിറോവ് പ്രസ്താവിച്ചിട്ടുണ്ട്. റഷ്യ സമീപകാലത്ത് നേരിട്ടതിൽ വെച്ച് ഏറ്റവും ഗുരുതരമായ വെല്ലുവിളി എന്നാണ് ഈ സംഭവവികാസങ്ങളെ യുകെ മിലിറ്ററി ഇന്റലിജൻസ് വിലയിരുന്നിയിട്ടുള്ളത്. ചുരുക്കത്തിൽ, മറ്റുള്ളവരെ കടിക്കാൻ വേണ്ടി പുടിൻ വളർത്തിയ വേട്ടപ്പട്ടി ഇപ്പോൾ ഉടമസ്ഥന്റെ നേർക്ക് തന്നെ തിരിഞ്ഞ അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.

Leave a Reply

Your email address will not be published.

lalu-prasad-rahul-gandhi-married-sonia-gandhi Previous post ‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്
sobhana-film-achan-cinema Next post അച്ഛൻ ഒരിക്കലും അത് ചോദിച്ചില്ല; അദ്ദേഹമത് ആ​ഗ്രഹിച്ചിരുന്നു; അത് മാത്രമാണ് വിഷമം’; ശോഭന