
തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പൂർണേഷ് മോദി: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിംകോടതിയിൽ തടസവാദ ഹർജി നൽകി
അയോഗ്യത കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിംകോടതിയിൽ പൂര്‍ണേഷ് മോദി തടസവാദ ഹർജി നൽകി. മോദി പരാമര്‍ശം സംബന്ധിച്ച് രാഹുലിനെതിരെ പരാതി നല്‍കിയതും ഇദ്ദേഹമായിരുന്നു. തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും പൂർണേഷ് ഹർജിയിൽ ആവശ്യപ്പെട്ടു.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സുപ്രിംകോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിക്കാനിരിക്കെയാണ് പൂര്‍ണേഷ് മോദി തടസവാദ ഹർജി നൽകിയത്.
സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താത്തത് കൊണ്ട് രാഹുൽ ഗാന്ധിക്ക് ഇതുവരെ ലോക്സഭാംഗത്വം തിരിച്ചു ലഭിച്ചിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കാണ് വിധി പറഞ്ഞത്. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരായ കേസും കോടതി ചൂണ്ടിക്കാട്ടി.