
ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് നരേന്ദ്ര മോദി; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്ക് അനുമോദനം
ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ കയ്യിലുള്ള ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ ലാൻഡിംഗ് നടത്തുമ്പോൾ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം പ്രധാനമന്ത്രിയും ചേർന്നിരുന്നു. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിച്ചു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്സ് ഉച്ചകോടിയിൽ വെച്ചും ആശംസയും അനുമോദനവും ലഭിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.
ഇന്ന് വൈകുന്നേരം ആറേ കാലോടെയാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമാണ് ഇന്ത്യ. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.