
തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)
- 33 പേരുടെ ‘പട്ടിക വെട്ടി’ 18 ആക്കി സര്‍ക്കാര്‍: 15 തടവുകാര്‍ക്ക് മോചനമില്ല
- തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത്
- രാജ്യത്തിന്റെ പിറനാള്‍ സമ്മാനമായി തടവുപുള്ളികള്‍ക്ക് പുതിയ ജീവിതം നല്‍കി, ഇതാണ് ആസാദീ കാ അമൃത് മഹോത്സവ്
എ.എസ്. അജയ്‌ദേവ്
ദീര്‍ഘകാലം തടവറകളില്‍ കിടന്നവരെ സര്‍വ്വതന്ത്ര സ്വതന്ത്രരാക്കിയാണ്, രാജ്യം 75-ാമത് സ്വാതന്ത്ര്യം ആഘോഷിച്ചു തീര്‍ക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം ആഘോഷിക്കുന്ന 84 തടവുകാരാണ് കേരളത്തിലെ നാല് ജയിലുകളില്‍ നിന്നും ഈ ആനുകൂല്യത്തിലൂടെ പുറത്തിറങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷം നീണ്ടു നിന്ന ‘ആസാദീ കാ അമൃത് മഹോത്സവ്’ എന്നു പേരിട്ട പദ്ധതിക്ക് 2023 ഓഗസ്റ്റ് 15ന് പരിസമാപ്തി ആവുകയാണ്. സ്‌പെഷ്യല്‍ റെമിഷന്‍ (പ്രത്യേക പരിഷ്‌ക്കരണ പദ്ധതി) വഴി കേരളത്തിലെ ജയിലുകളില്‍ നിന്നും 66 തടവുകാരാണ് മോചിതരായത്. 2022 ഓഗസ്റ്റ് 15ന് ആരംഭിച്ച ആസാദീ കാ അമൃത് മഹോത്സവിന്റെ അവസാന ഘട്ടത്തില്‍ സ്വതന്ത്രരാകുന്നത് 18 തടവുകാര്‍ മാത്രം.

2022 ഓഗസ്റ്റ് 15ന് 33 തടവുകാരെ ജയില്‍ മോചിതരാക്കിയിരുന്നു. 2023 ജനുവരി 26നും 33 തടവുകരെയും മോചിതരാക്കി. എന്നാല്‍, 2023 ഓഗസ്റ്റ് 15ന് 33 തടവുകാരെ മോചിപ്പിക്കാന്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തി സംസ്ഥാന സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ പട്ടിക തള്ളുകയായിരുന്നു. ഇതില്‍ നിന്നും 15 പേരെ ഒഴിവാക്കി 18 പേരെ മാത്രമാണ് ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരമാവധി 33 പേരെ ജയില്‍ മോചിതരാക്കാന്‍ കഴിയുന്ന അപൂര്‍വ്വമായ പദ്ധതിയുടെ ആനുകൂല്യം എന്തുകൊണ്ടാണ് 15 പേര്‍ക്ക് നിഷേധിച്ചത് എന്നതാണ് സംശയം.

കഴിഞ്ഞ രണ്ടു സമയങ്ങളിലും 33 പേരെ വെച്ച് 66 തടവുകാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായപ്പോള്‍ ഇത്തവണ15 പേര്‍ക്ക് ജയില്‍ മോചനം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകകരം. കൊലപാതക കുറ്റം തെളിയിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ വിധിച്ച് ജയില്‍ വാസമനുഭവിക്കുന്ന കുറ്റവാളികളുടെ മോചനം ആയതുകൊണ്ട് സര്‍ക്കാരിന്റെ ‘പട്ടിക വെട്ടല്‍’ നടപടിയില്‍ ആര്‍ക്കും എതിര്‍പ്പു പറയാന്‍ കഴിയില്ല. എങ്കിലും 15 തടവുകാരുടെ ജയില്‍ മോചനം ഇനി എന്നായിരിക്കുമെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയ പട്ടികയിലെ 18 പേര്‍ക്കാണ് ഭാഗ്യം ലഭിച്ചത്.

തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ ജീവപര്യന്ത തടവുകാരില്‍ നിന്നും തെരഞ്ഞെടുത്ത തടവുകാരാണ് ജയില്‍ മോചിതരാകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇറക്കിക്കഴിഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും 12 തടവുകാരും, വിയ്യൂരില്‍ നിന്നും രണ്ടും, കണ്ണൂരില്‍ നിന്നും രണ്ടും, തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രണ്ടു തടവുകാരെയുമാണ് മോചിപ്പിക്കാന്‍ ഉത്തരവിറങ്ങിയത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന ആഭ്യന്തര-വിജിലന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ജയില്‍ ഡി.ജി.പി മെമ്പര്‍ സെക്രട്ടറിയും നിയമ വകുപ്പു സെക്രട്ടറി അംഗവുമായ സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിയാണ് തടവുകാരുടെ അന്തിമ പട്ടിക തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത്.

അഡീഷണല്‍ നിയമ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കണ്‍വീനറും ജയില്‍ ഡി.ഐ.ജി അംഗവുമായ സബ് കമ്മിറ്റിയാണ് നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. ഇങ്ങനെ സ്‌ക്രൂട്ടണി ചെയ്ത് കണ്ടെത്തിയ 82 പേരുടെ പട്ടിക സബ്കമ്മിറ്റി തയ്യാറാക്കി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നുമാണ് മാനദണ്ഡങ്ങള്‍ പാലിച്ച് 33 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതില്‍ നിന്നുമാണ് സര്‍ക്കാര്‍ 15 പേരുടെ മോചനം നിര്‍ദാക്ഷണ്യം വെട്ടിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതരാകുന്ന തടവുകാര്‍
4413 -ചന്ദ്രന്‍ പിള്ള
4838 -മഹേഷ്
5071 -ശരത്
5207 -ഷിബു
5233 -ഷൈജു
5238 -അജിത് കുമാര്‍
5255 -വിഷ്ണു
5336 -തോമസ് ഫിലിപ്പ്
5372 -ശ്യാം
5419 -സജീവ് കുമാര്‍
5437 -ദിലീപ് ഖാന്‍
5608 -ഉണ്ണികൃഷ്ണന്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരാകുന്ന തടവുകാര്‍
37/23 -വിശ്വനാഥന്‍
15/23 -കൃഷ്ണ കുമാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരാകുന്ന തടവുകാര്‍
592/22 -കറപ്പന്‍
658/22 -കുഞ്ഞമ്പു

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരാകുന്ന തടവുകാര്‍
10/22 -കുട്ടന്‍
82/22 -ധനേഷ്
ഇത്രയും പേരാണ് ജയില്‍ മോചിതരാകുന്നത്. ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജയില്‍ മോചനം ലഭിക്കാനിരിക്കുന്നവര്‍ സമൂഹത്തിന്റെ ഭാഗമായി നല്ല ജീവിതം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയാണുള്ളത്.