pinarayi-vijayan-cpm-ldf-kannoor

പിണറായി പേടി, ജ്വരം പിടിച്ച് സി.പി.എം

എ.എസ്. അജയ്‌ദേവ്

ഏഴ് വര്‍ഷമായി അധികാരത്തിന്റെ ആലസ്യത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതോരോന്നായി പുറത്തുവീണുകൊണ്ടിരിക്കുകയാണ്. കരിമണല്‍ സംസ്‌ക്കരണ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നോക്കുകൂലി വാങ്ങിയെന്നതാണ് അതില്‍ ഏറ്റവും ലേറ്റസ്റ്റ്. സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് എന്ന കമ്പനി ഒന്നേമുക്കാല്‍ കോടിയോളം രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. സേവനമൊന്നും നല്‍കാതെ ഇത്രയും തുക കൈപ്പറ്റിയത് അഴിമതിയാണെന്ന ആരോപണമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക സ്വന്തം നിലയ്ക്കും കമ്പനിയുടെ പേരിലും വീണ കൈപ്പറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമായ ആരോപണമോ മാധ്യമങ്ങളുടെ വെളിപ്പെടുത്തലോ അല്ല. കോടതിയുടെ പദവിയുള്ള ഒരു ക്വാസി ജുഡീഷ്യറി സ്ഥാപനം കണ്ടെത്തിയതാണ്.

ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും വ്യക്തികളെ ചോദ്യം ചെയ്തുമാണ് ഈ സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ കൃത്യമായി പ്രതിക്കൂട്ടിലായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ മകളോ തയ്യാറായിട്ടില്ല. പ്രതികരിച്ചതും വാലു മുറിഞ്ഞതുമെല്ലാം സി.പി.എമ്മും നേതാക്കളുമാണ്. രണ്ടുപേരും മാധ്യമങ്ങളുടെ മുന്നില്‍പ്പെടാതെ ഒളിച്ചുനടക്കുകയാണ്. കരിമണല്‍ ഖനനം പൊതുമേഖലയില്‍ വേണമെന്നു പറഞ്ഞ് സി.പി.എമ്മും പിണറായി വിജയനും എതിര്‍ത്ത ഒരു കമ്പനിയില്‍ നിന്നാണ് മകള്‍ മാസപ്പടി വാങ്ങിയത്. എത്ര പരിഹാസ്യമാണിത്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയെക്കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വളരെക്കുറച്ച് നിക്ഷേപത്തോടെ തുടങ്ങിയ കമ്പനി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതാണ് സംശയത്തിന് ഇടനല്‍കിയത്. ഇടതുമുന്നണി ഭരണകാലത്ത് ഉയര്‍ന്ന പല അഴിമതിയാരോപണങ്ങളുമായും ബന്ധപ്പെട്ട പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന ഏജന്‍സിയുടെ ജയ്ക്ക്ബാലകുമാര്‍ എന്ന വ്യക്തി, മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന കമ്പനിയുടെ ഉപദേശകനാണെന്ന വിവരം പുറത്തറിഞ്ഞത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ഇത് പച്ചക്കള്ളമാണെന്നും, വീട്ടിലിരിക്കുന്നവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നുമൊക്കെ പറഞ്ഞ് പൊട്ടിത്തെറിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആരോപണത്തെ വസ്തുനിഷ്ഠമായി നിഷേധിക്കാനോ, അത് ഉയര്‍ത്തിയ ആള്‍ക്കെതിരെ കേസുകൊടുക്കാനോ മുഖ്യമന്ത്രിയും മകളും അന്ന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. ഇതില്‍ നിന്നുതന്നെ ഇരുവരുടെയും കൈകള്‍ ശുദ്ധമല്ലെന്ന ധാരണയുണ്ടായി. കോടതി കയറിയാല്‍ പിടിക്കപ്പെടുമെന്നുള്ളതു കൊണ്ടാണ് രണ്ടുപേരും കേസിനു പോകാതിരുന്നത്. ഇതിനെക്കാള്‍ ഗുരുതരമായ വിവരങ്ങളാണ് എക്സാലോജിക് കമ്പനിയ്ക്കെതിരെ പിന്നീട് പുറത്തുവന്നത്. എന്നിട്ടും, വിവാദം പുറത്തു കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങളുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് നടന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും നോക്കുകൂലിയെ ന്യായീകരിച്ചും മുട്ടാത്തര്‍ക്കം നടത്തിയും സി.പി.എം നേതാക്കള്‍ നിരന്തരം നാണംകെടുന്നുണ്ട് എന്നത് മറക്കാനാവില്ല. കൈതോലപ്പായയില്‍ പിണറായി, കോടികള്‍ പൊതിഞ്ഞു കൊണ്ടുപോയി എന്ന വെളിപ്പെടുത്തലുണ്ടായപ്പോഴും ഇതേ സമീപനമാണ് സി.പി.എം എടുത്തത്. കട്ടു കൊണ്ടുപോയ കോടികള്‍ മറവിയിലേക്ക് തള്ളിക്കൊണ്ട് പാവം കൈതോലയെ മാത്രം നിലനിര്‍ത്തി ചര്‍ച്ചകള്‍ പൊടിപൊടിച്ചു. നേരത്തെ ബിരിയാണിച്ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയതു പോലെ. അന്നും, ബിരിയാണിച്ചെമ്പിനെ നിലനിര്‍ത്തിക്കൊണ്ട് സ്വര്‍ണ്ണം പോയ വഴി മറന്നുകളഞ്ഞായിരുന്നു ചര്‍ച്ചകള്‍ നടന്നത്. കൈതോലപ്പായയും, ബിരിയാണിച്ചെമ്പും ഇന്നും കേരളീയരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

പക്ഷെ, കോടികളും, സ്വര്‍ണ്ണവും മാഞ്ഞു പോയി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. കൈതോലപ്പായയിലെ കോടികള്‍ കടത്തിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ജി. ശക്തിധരന്‍ കരിമണല്‍ കമ്പനിയുടമയില്‍ നിന്ന് പാര്‍ട്ടി വേറെയും പണം പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിട്ടെന്തായി. സി.പി.എമ്മുമായും സര്‍ക്കാരുമായും ബന്ധമില്ലാത്ത കാര്യം പാര്‍ട്ടിയുടെ അക്കൗണ്ടില്‍പ്പെടുത്തേണ്ടെന്നാണ് എം.വി. ഗോവിന്ദന്‍ തൊട്ട് ബ്രാഞ്ച്കമ്മിറ്റി നേതാവ് വരെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഉന്നതവ്യക്തിയുമായുള്ള ബന്ധംകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും എക്സാലോജിക്കിനും പണം നല്‍കിയതെന്ന് കരിമണല്‍ സംസ്‌കരണ കമ്പനിയുടെ ഉടമ മൊഴി നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടി ബന്ധമല്ലെങ്കില്‍ മറ്റെന്താണെന്ന് വിശദീകരിക്കാന്‍ സി.പി.എം തയ്യാറായിട്ടുണ്ടോ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വാങ്ങിയ തുകയെല്ലാം നിയമപരമായി ബാങ്ക് ട്രാന്‍സാക്ഷന്‍ വഴിയാണെന്ന് ന്യായീകിരിക്കുന്നവരുടെ മനോവിഷമം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രശ്നം പാര്‍ട്ടിയുടെ അക്കൗണ്ടില്‍പ്പെട്ടതാണെന്ന് സി.പി.എം നേതൃത്വത്തിനു തന്നെ അറിയാം. അതുകൊണ്ടാണല്ലോ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് മുഖ്യമന്ത്രിയേയും മകളെയും ന്യായീകരിച്ചത്. മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നത് മനസ്സിലാക്കാം. പാര്‍ട്ടിയുടെ യാതൊരു പദവിയും വഹിക്കാത്ത, പാര്‍ട്ടി അംഗം പോലുമല്ലാത്ത മകളെ ന്യായീകരിക്കേണ്ട ആവശ്യമെന്തായിരുന്നു.

മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട ഏത് അഴിമതിയും ഏറ്റെടുക്കാന്‍ പാര്‍ട്ടി ബാധ്യസ്ഥമാണ് എന്നാണോ. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ നേതാക്കള്‍ ഓരോന്നോരോന്നായി വിവരമറിയും എന്നുറപ്പാണ്. കാരണഭൂതന്‍ അടങ്ങിയിരിക്കില്ല. ഇത് നന്നായറിയാവുന്നതു കൊണ്ടാണ് ചില നേതാക്കള്‍ പിണറായിയുടെ ചാവേറുകളെപ്പോലെ പെരുമാറുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനു പോലും ലഭിക്കാത്ത ആനുകൂല്യമാണിത്. മക്കള്‍ കേസില്‍പ്പെട്ടപ്പോള്‍ അതിന് പാര്‍ട്ടി ബന്ധമില്ലെന്ന് പറയാനുള്ള മാന്യതയെങ്കിലും അന്തരിച്ച മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാണിച്ചു. ആ മാന്യതയും മര്യാദയുമാണ് മുഖ്യമന്ത്രിയായിരുന്നിട്ടും പിണറായിയില്‍ നിന്ന് ഉണ്ടാവാത്തത്. പ്രശ്നത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്നൊരു പരിചകൊണ്ടുമാത്രം തനിക്കെതിരേ വരുന്ന അന്വേഷണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ വൃഥാ ശ്രമിക്കുന്ന ഒരു വെറും പിണറായിക്കാരനായി മാറുകയാണ് വിജയന്‍ എന്ന സി.പി.എമ്മുകാരന്‍. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥതയോ, വിശ്വാസ്യതയോ, കൂറോ ഇല്ലാത്ത നിലയിലേക്ക് തരംതാണു പോയിരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും, എല്ലാവരെയും കണ്ണുരുട്ടിയും കഴുത്തു തിരിച്ചും പേടിപ്പെടുത്തുന്നൊരു ഏകാധിപതിയെ കണ്ട് ജ്വരം പിടിച്ചിരിക്കുകയാണ് സി.പി.എമ്മിന്.

Leave a Reply

Your email address will not be published.

high-court-of-kerala-idukki-cpm- Previous post പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം, കളക്ടറെയടക്കം വിമർശിക്കരുത്; സി.പി.എം. ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി
crime-killers-in-trivandrum Next post തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സഹോദരൻ പിടിയിൽ