
47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തി, യാത്രക്കാരൻ പിടിയിൽ; ട്രോളി ബാഗിൽ വേറെയും ജീവികൾ
47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് ത്രിച്ചി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം.
പെരുമ്പാമ്പുകളെ കൂടാതെ പല്ലി വർഗത്തിൽപ്പെട്ട രണ്ട് ജീവികളും യുവാവിന്റെ ട്രോളി ബാഗിലുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മുഹമ്മദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉരഗ ജീവികളെ ചെറിയ ബോക്സുകളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താളത്തിലെത്തി ജീവികളെ കൊണ്ടുപോയി. ഇവയെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൊയ്തീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.