
തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്പെൻഡ് ചെയ്തു; സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപണം
സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റവും നടപടിക്കു കാരണമായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു. ഇന്നലെ ഡൽഹി ബില്ലിനുമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു സസ്പെൻഷന് കാരണമായ സംഭവങ്ങൾ നടന്നത്.കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഡെറിക് ഒബ്രിയൻ തന്റെ പ്രസംഗത്തിൽ നടത്തിയത്. പ്രസംഗം നീണ്ടു പോയതോടെ ഉപരാഷ്ട്രപതി ഇടപെട്ടെങ്കിലും അദ്ദേഹം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതോടെയാണ് സഭാധ്യക്ഷൻ രോഷാകുലനായത്. ഇതു സ്ഥിരംപരിപാടിയാണെന്നും പുറത്ത് ശ്രദ്ധനേടാനാണ് സഭയിൽ നാടകം കളിക്കുന്നതെന്നും ഉപരാഷ്ട്രപതി ധൻഖർ വിമർശിച്ചു. സസ്പെൻഷൻ ലഭിച്ചതോടെ ശേഷിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെറിക് ഒബ്രിയനു സാധിക്കില്ല.അതേസമയം, സസ്പെൻഷൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. നേരത്തെ ആംആദ്മി പാർട്ടിയുടെ ഏക ലോക്സഭാ എം.പിയായ സുശീൽകുമാർ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പേപ്പർ കീറിയെറിഞ്ഞതിനായിരുന്നു സുശീലിനെ സസ്പെൻഡ് ചെയ്തത്. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് സഭയ്ക്കകത്ത് ബഹളമുണ്ടാക്കിയതിനാണ് സഞ്ജയ് സിങ്ങിനെതിരെ നടപടി എടുത്തത്.