
പാലാരിവട്ടം പാലം അഴിമതിക്കേസ്; കരാർ കമ്പനി ആർഡിഎസ് പ്രൊജക്ട് കരിമ്പട്ടികയിൽ
എ ക്ലാസ് ലൈസൻസും റദ്ദാക്കി
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സും റദ്ദാക്കി. കമ്പനിക്ക് വരുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. ബിനാമി പേരിലും നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയറുടേതാണ് നടപടി. മേല്‍പ്പാലം നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചിരുന്നു. ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നു പാലം ഡിഎംആര്‍സിയാണ് ഗതാഗത യോഗ്യമാക്കിയത്. 2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലം നിര്‍മാണത്തിനു അനുമതി നല്‍കിയത്. അതേ വര്‍ഷം സെപ്റ്റബറില്‍ പാലത്തിന്റെ പണിയും ആരംഭിച്ചു. 42 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. 2016 ഒക്ടോബറില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നും കൊടുത്തു. എന്നാല്‍ 2017ല്‍ പാലത്തിന്റെ നിര്‍മാണത്തില്‍ അപകാതയുണ്ടെന്നു പരാതി ഉയര്‍ന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. 2018ല്‍ പാലത്തിന്റെ പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. തുടര്‍ന്നു ഗതാഗതത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തി. 2019ല്‍ മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു നടത്തിയ പഠനത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. പിന്നാലെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ മുന്‍ പൊതുമാരമത്ത് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തു. അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജ് അറസ്റ്റിലുമായി.