
തലസ്ഥാനം കൊച്ചിയാക്കാമെന്ന് ഹൈബി ഈഡന്‍, ഓ
പദ്മനാഭന്റെ ‘തല’ സ്ഥാനമാണിവിടം മാറ്റാന്‍ പറ്റുന്നതെങ്ങനെ
എ.എസ്. അജയ്‌ദേവ്
അച്ഛന്‍ ജോര്‍ജ്ജ് ഈഡന് പോലും തോന്നാത്ത കുരുട്ടു ബുദ്ധിയാണ് മകന്‍ ഹൈബി ഈഡന് തോന്നിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാത്ത കാര്യം കൂടിയണിതെന്നും ഹൈബിക്കറിയാം. അത് ഇതാണ്, കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് മാറ്റണം. എന്താ അല്ലേ. മൂത്ത കോണ്‍ഗ്രസ്സുകാര്‍ക്കു പോലും തോന്നാത്ത ബുദ്ധികൊണ്ട് ഹൈബി ഈഡന്‍ അങ്ങ് പാര്‍ലമെന്റില്‍ ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു കളഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈബിയുടെ ആവശ്യം സ്വകാര്യ ബില്ലായി രൂപാന്തരം പ്രാപിച്ചത്. ഇതേ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നിര്‍ദേശം അപ്രായോഗികമാണെന്നും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

വളരെ വിചിത്രമായ നിര്‍ദേശമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിന് ഉള്ളതുകൊണ്ടാണോ പാര്‍ട്ടി എംപി ഇങ്ങനെ ഒരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അപ്രായോഗികമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ കാരണം ഇവയൊക്കെയാണ്. സംസ്ഥാന രൂപീകരണം മുതല്‍ തന്നെ തിരുവനന്തപുരം തലസ്ഥാനമായി തുടരുകയാണ്. അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി വലിയ മഹാനഗരമാണ്. ഇനിയും വികസിക്കാനുള്ള സ്ഥലപരിമിതി സംബന്ധച്ച പ്രശ്നങ്ങള്‍ അവിടെയുണ്ട്. ഒരു കാരണവും ഇല്ലാതെ തലസ്ഥാനം ഒരുനഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയെന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാക്കും.

അത്തരത്തിലുള്ള ഒരു സാഹചര്യവും സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. തലസ്ഥാന നഗരമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തായതു കൊണ്ട് പലര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുണ്ട് എന്നതായിരുന്നു ഹൈബി ഈഡന്‍ സ്വകാര്യബില്ലില്‍ ചൂണ്ടിക്കാണിച്ച പ്രധാന കാരണം. പണ്ട് മലപ്പുറത്ത് സെക്രട്ടേറിയറ്റ് കൊണ്ടു പോകാന്‍ ശ്രമം നടത്തിയവരെപ്പോലെയാണ് ഹൈബിയുടെ കുട്ടിക്കളി ബില്ലിനെയും തലസ്ഥാന വാസികള്‍ കാണുന്നത്. ഒരു പൈതല്‍, നേരംപോക്കു പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കാം. പക്ഷെ, ഇനിയും അത്തരം കാര്യങ്ങള്‍ സ്വപ്‌നത്തില്‍പ്പോലും കണ്ടേക്കരുത് എന്നു മാത്രം.

പിറന്നു വീഴുന്ന നാടിനോടും, ജീവിക്കുന്ന മണ്ണിനോടും കൂറു കാട്ടുന്നതൊക്കെ നല്ലതാണ്. പക്ഷെ, പദ്മനാഭന്റെ മണ്ണില്‍ തൊടുമ്പോള്‍ അതൊന്ന് സൂക്ഷിക്കണം. തിരുവനന്തപുരം പദ്മനാഭന്റെ മണ്ണാണ്. ശ്രീ പദ്മനാഭന്റെ ‘തല’ സ്ഥാനമായിരിക്കുന്നത് തിരുവനന്തപുരത്താണ്. അതൊരു വൈകാരിക ബന്ധം കൂടിയാണ് തിരുവനന്തപുരത്തുകാര്‍ക്ക്. അനന്ത ശയനത്തില്‍ കിടക്കുന്ന പദ്മനാഭനെ വെറുതേ ദേഷ്യം പിടിപ്പിക്കാന്‍ നില്‍ക്കരുത് ഹൈബി ഈഡാ. തിരുവനന്തപുരത്തിനെ അംഗീകരിക്കണമെന്നില്ല, പക്ഷെ, തലസ്ഥാനം എന്നത് തിരുവനന്തപുരം ജില്ലയില്‍ വേണമെന്ന് നിശ്ചയിച്ചതു തന്നെ അനന്ത പദ്മനാഭനാണ്. ശതകോടീശ്വരനായ പദ്‌നമാഭനെക്കേള്‍ വലിയൊരാള്‍ ഇന്നീ കേരളത്തിലില്ല. ഈ രാജ്യത്തുമില്ല.

ഇനി, അഥവാ ഹൈബി ഈഡന്റെ മനസ്സിലുള്ള പോലെ തലസ്ഥാനം എന്ന പേര് മാത്രം മതിയെങ്കില്‍ അതിപ്പോഴുമാകാം. കോണ്‍ഗ്രസ്സില്‍ എത്ര ഗ്രൂപ്പുണ്ട്. അതുപോലെ ഹൈബിക്കും കൊച്ചിയെ തലസ്ഥാനമായി കാണാം. കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം അവരുടെ ജില്ലകളില്‍ തലസ്ഥാനമുള്ളതായി സങ്കല്‍പ്പിക്കുകയും ചെയ്യാം. കേരളത്തില്‍ നിന്നുള്ള 20 എം.പി മാരില്‍ ഈ ചിന്തയുള്ള ഏക എം.പി ഹൈബി ഈഡന്‍ മാത്രമായിരിക്കും. മറ്റുള്ളവരും അവരുടെ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ തലസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ആകെ പുലിവാലു പിടിക്കില്ലേ. ഒന്നാലോചിച്ചു നോക്കൂ ഹൈബീ, നിങ്ങള്‍ നിയമസഭയിലാണ് ഈ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി. താങ്കള്‍ ഒരു എംപിയല്ലേ.

അതിന്റെ എല്ലാ ഗൗരവത്തിലും വിഷയങ്ങളെ സമീപിക്കണ്ടേ. പാര്‍ലമെന്റിയും നിയമസഭയിലുമൊക്കെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് അറിയാത്തതു കൊണ്ടല്ല. തിരുവനന്തപുരത്തിന്റെ തലസ്ഥാന പദവി എടുത്തു മാറ്റാന്‍ പാകത്തിനുള്ള ചിന്ത, വളര്‍ത്തിയെടുത്ത തലച്ചോറില്ലേ അത് മുന്നോട്ടുള്ള രാഷ്ട്രീയ ഭാവിക്ക് അനുയോജ്യമാകില്ല എന്നേ പറയാനുള്ളൂ. എത്ര ഉയര്‍ന്നു പറന്നാലും സമ്മാനം വാങ്ങാന്‍ താഴെ വരണ്ടേ. അതുപോലെയാണ് തിരുവനന്തപുരവും. ആരൊക്കെ എങ്ങനെയൊക്കെ എവിടെയൊക്കെ കളിച്ചാലും ഒടുവില്‍ തിരുവനന്തപുരത്ത് വന്നേ മതിയാകൂ. പദ്മനാഭന്‍ അത് കാത്തിരിക്കുന്നുണ്ട്.