
ലാല്‍സലാം സഖാവേ!!
- ‘വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനമില്ല’, പി. കൃഷ്ണപിള്ള മരണത്തിനു തൊട്ടുമുമ്പ് എഴുതിയ വരികള്‍
- കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഇങ്ങനെ ഒന്നുണ്ടോ ഇപ്പോള്‍ ?
സ്വന്തം ലേഖകന്‍
പി. കൃഷ്ണപിള്ളയുടെ ഓര്‍മ്മ ദിനമാണിന്ന്. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിലും, സമൂഹിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിലും ഈ ദിനവും കൃഷ്ണപിള്ളയെയും ഓര്‍മ്മിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അദ്ദേഹത്തെ മരണം തീണ്ടുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പ് എഴുതിയ വരികളാണ് ഇവിടെ, ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നത്. തലക്കെട്ടില്‍ എഴുതിയത് ഇങ്ങനെയാണ്. ‘വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനമില്ല’. എന്താണ് വിമര്‍ശമെന്നോ, എന്തു കൊണ്ടാണ് സ്വയം വിമര്‍ശിക്കാന്‍ കഴിയാത്തതെന്നോ അദ്ദേഹം പിന്നീട് എഴുതിയുമില്ല, പറഞ്ഞുമില്ല. ഭരണകൂട ഭീകരതയെ ഭയന്ന് ഒളിവില്‍ കഴിയുമ്പോഴും കമ്യൂണിസം പുലരുന്ന പുതിയൊരു പ്രഭാതത്തെ സ്വപ്‌നം കാണുന്നുണ്ടായിരുന്നു അദ്ദേഹം.

എന്നാല്‍, എഴുതിത്തീര്‍ക്കാന്‍ കഴിയാതെ പായയില്‍ കിടന്ന സഖാവിനെ പാമ്പ് കടിക്കുകയായിരുന്നു. സമത്വസുന്ദര പ്രഭാതത്തിനെ കാണാനാകതെ ധീര സഖാവ് യാത്രയായി. ആലപ്പുഴ മുഹമ്മയിലെ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍ നാണപ്പന്റെ ചെറ്റക്കുടിലിലെ ഒളിവിടത്തില്‍ വെച്ചാണ് പാമ്പ്കടി ഏല്‍ക്കുന്നത്. പിറ്റേന്ന് രഹസ്യമായി ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴായിരുന്നു വിഷം തീണ്ടിയത്. താന്‍ മരിക്കുമെന്നുറപ്പിച്ചപ്പോഴും ‘സഖാക്കളെ മുന്നോട്ട്’ എന്നുകൂടി എഴുതിവെച്ചതിനു ശേഷമാണ് മരണത്തിനു മുമ്പില്‍ സഖാവ് കീഴടങ്ങാന്‍ തയ്യാറായത്. ദ്ദേഹത്തിന്റെ ധീര സ്മരണയ്ക്കു മുമ്പില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. നോക്കൂ, സ്വയം വിമര്‍ശനമില്ലാതെ വിമര്‍ശനമുണ്ടെന്ന് പി. കൃഷ്ണപിള്ള എഴുതിവെച്ചത് 1948ലാണ് എന്നോര്‍ക്കണം.

75 വര്‍ഷത്തിനിപ്പുറം പി. കൃഷ്ണപിള്ള സ്വപ്‌നം കണ്ട പാര്‍ട്ടിക്ക് വന്ന മാറ്റങ്ങള്‍ എത്രയോ വിചിത്രമാണ്. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളായി മാറി. പാര്‍ട്ടിക്കും വിമര്‍ശനമില്ല, പാര്‍ട്ടി നേതാക്കള്‍ക്കും വിമര്‍ശനമില്ല. വിമര്‍ശനത്തിന് അതീതമായി വളര്‍ന്നുപോയ പാര്‍ട്ടികളാണിന്നുള്ളത്. സ്വയം വിമര്‍ശത്തിന്റെ കാര്യം ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥിതി. ഇ.എം.എസ് മന്ത്രിസഭയുടെ കാലം മുതല്‍ പിണറായി വിജയന്‍ മന്ത്രിസഭ വരെയുള്ള ദീര്‍ഘകാലത്തെ അധികാര രാഷ്ട്രീയം പാര്‍ട്ടിയെ വളരെയേറെ മാറ്റിയെടുത്തിട്ടുണ്ട്. വര്‍ഗ സമരങ്ങള്‍ക്കു പകരം വ്യക്തി താല്‍പ്പര്യ സമരങ്ങളും, മുതലാളിത്ത സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിച്ചുള്ള വികസനവും വിദേശ കുത്തക കമ്പനികളെ ആകര്‍ഷിക്കുന്ന കാഴ്ചപ്പാടുകളുമാണ് ഇന്നിന്റെ കമ്യൂണിസം മുന്നോട്ടു വെയ്ക്കുന്നത്.

എന്നെയോ എന്റെ പാര്‍ട്ടിയെയോ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന തെറ്റായ ധാരണ വെച്ചു പുലര്‍ത്തുന്നവരുടെ സംഘമാണ് പാര്‍ട്ടിക്കാര്‍. ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും സാമ്പത്തിക സഹായം കാത്ത് ഓച്ചാനിച്ചു നില്‍ക്കുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികളെ കാണാനാകുന്നു. അമേരിക്കന്‍ ഐക്യ നാടുകളില്‍ സാഹയമഭ്യര്‍ത്ഥിക്കുന്നവരും, അറബ്് നാടുകളിലെ വന്‍കിട കോര്‍പ്പറേറ്റുകളുമായി അപഥ സഞ്ചാരം നടത്തുന്നവരുമായി മാറിയ കാലം. ഇവിടെ കൃഷ്ണപിള്ളയുടെ വിമര്‍ശമുണ്ട് എന്ന വാക്ക് കേള്‍ക്കാനേയില്ല. സ്വയം ശുദ്ധീകരിക്കാന്‍ വേണ്ടിയാണ് ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിലൂടെ വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തുന്നത്. എന്നാല്‍, ഈ രണ്ടു പ്രക്രിയകളും പാര്‍ട്ടീ ഘടകങ്ങളില്‍ ആരെങ്കിലും അനുവര്‍ത്തിച്ചാല്‍, അയാള്‍ കുറച്ചു കാലത്തിനുള്ളില്‍ പാര്‍ട്ടീ വിരുദ്ധനായയി മുദ്രകുത്തപ്പെടും. ഇതാണ് പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി.

കൃഷ്ണപിള്ള എഴുതി വെച്ചതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, പാര്‍ട്ടിയില്‍ പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്, എന്നാല്‍, സ്വയം വിമര്‍ശനമില്ല എന്നാകാനും സാധ്യതയുണ്ട്. സ്വന്തം തെറ്റുകള്‍ മറച്ചു വെയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരി രക്ഷപ്പെടുന്നവരുടെ കാര്യമാണോ സഖാവ് രേഖപ്പെടുത്തിയതെന്ന് സംശയമില്ലാതില്ല. ഒരുകാര്യം ഉറപ്പാണ്. 1948 മുതലേ പാര്‍ട്ടിക്കുള്ളില്‍ ഇതുണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്തിനെയും വിമര്‍ശിക്കുകയും എന്നാല്‍, സ്വയം വിമര്‍ശത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അന്നേ ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ഇന്നത്തെ കാലത്ത്, സ്വയം വിമര്‍ശം നടത്തേണ്ടവരെല്ലാം നേതാക്കന്‍മാരാണ്. അവരെ വിമര്‍ശിക്കാനോ, സ്വയം വിമര്‍ശനം നടത്താനോ ഇഴര്‍ തയ്യറുമല്ല. എല്ലാവരും എല്ലാം തികഞ്ഞവരായി മാറിയ കാലത്താണ് കമ്യൂണിസം മുന്നോട്ടു പോകുന്നത്. സഖാവേ, ഒരു കാര്യം മനസ്സിലാകുന്നു, നല്ല കമ്യൂണിസ്റ്റുകാരന് വിഷം തീണ്ടയപ്പോള്‍ ഇല്ലാതായത് നല്ല കമ്യൂണിസം കൂടിയാണെന്ന്. ലാല്‍ സലാം സഖാവെ.