oscar-documenary-award

ഓസ്‌കർ നേടിയതിന് ശേഷം യാതൊരു ബന്ധവുമില്ല, കടം വാങ്ങിയ പണവും തിരിച്ചു തന്നില്ല; ഗുരുതര ആരോപണവുമായി ബൊമ്മനും ബെല്ലിയും

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം കരസ്ഥമാക്കിയ ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും നിർമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോൾ തങ്ങളുമായി നല്ല അടുപ്പത്തിലായിരുന്ന സംവിധായിക, ഓസ്‌കർ ലഭിച്ചതിന് ശേഷം ഒരു ബന്ധവുമില്ല. ഇതുകൂടാതെ ചിത്രീകരണ സമയത്ത് കടമായി വാങ്ങിയ ഒരു ലക്ഷം രൂപ ഇതുവരെ തിരിച്ചു തന്നിട്ടുമില്ലെന്ന് ഇവർ ആരോപിച്ചു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണം.

‘ഡോക്യുമെന്ററിയിൽ ഒരു വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പണമില്ലാതെ ബുദ്ധിമുട്ടിയ സംവിധായിക കാർത്തികിയെയും നിർമാതാക്കാളായ സിഖ്യ എന്റർടെയിൻമന്റിനെയും ഞങ്ങൾ സഹായിച്ചു. ഒരു ദിവസം കൊണ്ട് വിവാഹ രംഗം ചിത്രീകരിക്കണമെന്ന് കാർത്തികി പറഞ്ഞെങ്കിലും അതിനവശ്യമായ പണം അവരുടെ അടുത്തില്ലായിരുന്നു. ഒടുവിൽ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഞങ്ങൾ അവർക്ക് നൽകി. പണം തിരിച്ചു തരുമെന്ന് അവർ ഉറപ്പു നൽകിയെങ്കിലും ഇതുവരെ തിരിച്ചു തന്നിട്ടില്ല’-  ബെല്ലിയും ബൊമ്മനും വ്യക്തമാക്കി.

“ഞങ്ങൾ കാർത്തികിയെ വിളിക്കുമ്പോഴെല്ലാം തിരക്കിലാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഫോൺവിളിച്ചാൽ പോലും എടുക്കുന്നില്ല. ഡോക്യുമെന്ററിയുടെ വിജയത്തിന് ശേഷം ഇവർ മോശമായാണ് പെരുമാറിയത്. ഞങ്ങളുടെ ആദിവാസി ഐഡന്‍റിറ്റി അവരുടെ ഓസ്‌കർ നേട്ടത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ വിജയാഘോഷത്തിനിടെ ഓസ്‌കർ പ്രതിമയിൽ തൊടാനോ പിടിക്കാനോ അവർ തങ്ങളെ അനുവദിച്ചിരുന്നില്ല. ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു”- ദമ്പതികൾ പറഞ്ഞു.

“മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയതിനുശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണം തങ്ങളുടെ കൈയിൽ ഉണ്ടായിരുന്നില്ല. അവരോട് ചോദിച്ചപ്പോൾ അവരുടെ കൈയിലും പണമില്ലെന്ന് പറഞ്ഞു. തരാനുള്ള പണമെല്ലാം തന്നുവെന്ന് കാർതികി പറഞ്ഞെങ്കിലും ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്”- ബൊമ്മനും ബെല്ലിയും വ്യക്തമാക്കി.

അതേസമയം, ദമ്പതികൾ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാൻ നിർമാതാക്കൾ തയ്യാറായിട്ടില്ല. എന്നാൽ ആന സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, വനംവകുപ്പിന്റെയും പാപ്പാൻമാരായ ബൊമ്മൻ, ബെല്ലിയുടെയും ശ്രമങ്ങളെ അംഗീകരിക്കുക തുടങ്ങിയവയായിരുന്നു ഡോക്യുമെന്ററിയുടെ പ്രധാന ലക്ഷ്യമെന്ന് നിർമാതാക്കൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published.

rahul-gandhi-parliament- Previous post രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു; വിജ്ഞാപനം പുറത്തിറക്കി
Next post പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; ഹോട്ടൽ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു, 3 പേർ കസ്റ്റഡിയിൽ