
വിയോജിപ്പ് ഉണ്ടെങ്കിലും ഒന്നിച്ച്’: ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ
ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ. 2024ൽ ഒരുമിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വിയോജിപ്പുകൾ ഉണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഞങ്ങൾ പ്രതിപക്ഷമല്ല, ദേശീയവാദികളാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പട്‌നയിൽ ചരിത്രം തുടങ്ങുകയാണെന്നും മമത വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ അടുത്തയോഗം ഷിംലയിൽ ചേരുമെന്നു ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പൊതുഅജൻഡ ഈ യോഗത്തിൽ തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ യോഗം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സമാജ്വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികൾ പങ്കെടുത്തു.