niyamasabha-roundup

നിയമസഭയില്‍ ഇന്ന്, ഓണത്തിനിടയിലെ പുട്ടുകച്ചവടവും, കോടതിത്തിണ്ണ കാണാത്തവരും

എ.എസ്. അജയ്‌ദേവ്

അങ്ങനെ കേരളാ നിയമസഭ വീണ്ടും സജീവമാവുകയാണ്. പൂച്ചപെറ്റു കിടക്കുന്ന ഖജനാവിലേക്കു താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കുന്ന സര്‍ക്കാര്‍. എന്തു കിട്ടിയാലും, കിട്ടിയതു വെച്ച് ഭരണപക്ഷത്തെ അടിച്ച് ഇഞ്ചപ്പരുവമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പ്രതിപക്ഷം. ഓണമാഘോഷിക്കാന്‍ 2000 കോടി കടമെടുത്ത്, തത്ക്കാലം മാനംമറച്ച ധനമന്ത്രി. ഒന്നുമില്ലെങ്കിലും സപ്ലൈകോയില്‍ എല്ലാമുണ്ടെന്ന് വാ നിറച്ചു പറയുന്ന ഭക്ഷമന്ത്രി. നോക്കിയും, ചൂണ്ടിയും, വിരട്ടിയും തടി കയ്ച്ചിലാക്കാന്‍ ഉപദേശകരില്‍ നിന്നും ഉപദേശങ്ങള്‍ ലഭിച്ച മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെങ്കിലും, ശരിക്കും പ്രതിപക്ഷ നേതാവ് താനാണെന്ന് സ്വയം വിചാരിച്ചിരിക്കുന്ന രമേശ് ചെന്നിത്തല. ഇംഗ്ലീഷ് പദങ്ങള്‍ സംസാരത്തിനിടയില്‍ അല്‍പ്പമെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ നരവംശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം എടുത്തത് കുറച്ചിലാകുമോയെന്ന് കരുതുന്ന സ്പീക്കര്‍ സര്‍. ഇതൊക്കെയാണ് നിയമസഭയുടെ പൊതു വിചാരങ്ങള്‍. തിന്നാന്‍ തുടങ്ങുമ്പോഴേ കല്ലുകടിച്ചാല്‍ എന്തു സംഭവിക്കും. അതാണ്, നിയമസഭയില്‍ ഉണ്ടായത്. നല്ലൊരോണം വരുന്നതിന്റെ ഉത്സവ മൂടിലായിരുന്നു ഭരണപക്ഷം.

എന്നാല്‍, ഓണത്തിനിടയിലെ പുട്ടു കച്ചവടം പോലെ സപ്‌ളൈകോയില്‍ അരിയും വെളിച്ചെണ്ണയും ഗോതമ്പുമില്ലെന്ന അടിയന്തിര പ്രമേയം പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ചതോടെയാണ് കല്ലുകടിച്ചത്. തുപ്പാനും വിഴുങ്ങാനും വയ്യാതെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മറുപടിയെന്നു പറയാവുന്ന എന്തൊക്കെയോ പറഞ്ഞു. പ്രതിപക്ഷം എന്താരോപണം ഉന്നയിച്ചാലും കേന്ദ്രം തന്നില്ല, കേന്ദ്രം തന്നില്ല എന്നു മാത്രം പറഞ്ഞാല്‍ മതിയെന്ന് എം.എന്‍ സ്മാരകത്തില്‍ നിന്നും കിട്ടയ നിര്‍ദ്ദേശം അക്ഷരം പ്രതി ഭക്ഷ്യമന്ത്രി പാലിച്ചു. ഡെല്‍ഹിയില്‍ പരിപ്പിന്റെ വിലയും, റേഷന്‍ വിതരണത്തില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും, കോവിഡ് കാലത്ത് 13 കോടിയുടെ കിറ്റ് കൊടുത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എന്നാല്‍, ചില കുറവുകള്‍ സപ്ലൈകോയില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അവശ്യ സാധനങ്ങള്‍ക്ക് മൂന്നിരട്ടി വിലയാണ് ഈടാക്കുന്നത്. 42 ലക്ഷം കുടുംബങ്ങള്‍ സബ്‌സിഡി വിലയ്ക്ക് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നുണ്ട്. കേരളമാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. രാജസ്ഥാനിലെയും ഹരിയാനയിലെയും കാര്യങ്ങള്‍ എടുത്തു പറയുന്നില്ല.

ഓണമാകുമ്പോള്‍ സ്പളൈകോ നിറയെ സാധനങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ നോക്കിക്കൊണ്ട് മന്ത്രി പറഞ്ഞൊപ്പിച്ചു. സപ്ലൈകോ കാലിയാണെങ്കിലും ഭക്ഷ്യമന്ത്രിയുടെ വായില്‍ നിന്നും വന്നതെല്ലാം വിഭവ സമൃദ്ധമായി നിയമസഭയില്‍ നിറഞ്ഞതോടെ അടിയന്തിര പ്രമേയത്തെ സ്പീക്കര്‍ ഒറ്റത്തള്ള്. അരിശംമൂത്ത പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു. പേയതിനേക്കാള്‍ വേഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തിരിച്ചു വന്ന് സബ്മിഷന്‍ അവതരിപ്പിച്ചു. ഓണക്കാലത്ത് വെട്ടി വില്‍ക്കാന്‍ നിര്‍ത്തിയിരുന്ന 400 വാഴകള്‍ KSEB ക്കാര്‍ വെട്ടി വീഴ്ത്തിയ വീരകൃത്യം. പാവപ്പെട്ട കര്‍ഷകന്റെ വയറ്റത്തടിച്ചിട്ട് നിയമം പറയുന്ന ബ്യൂറോക്രാറ്റുകള്‍. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആ പാവം കര്‍ഷകന് നഷ്ടപരിഹാരം നല്‍കണം. എന്നു മാത്രമല്ല, വാഴയാണോ ലൈന്‍ കമ്പിയാണോ കുറ്റക്കാരനെന്ന് പറയുകയും വേണം. ലൈന്‍ താഴ്ന്നു വന്ന് വാഴയെ തൊട്ടതാണെന്നാണ് സതീശന്‍ പറഞ്ഞത്. എന്നാല്‍, വാഴക്കൈ വളര്‍ന്ന് ലൈനില്‍ തൊട്ടതാണെന്നാണ് KSEB ക്കാര്‍ മന്ത്രിയോട് പറഞ്ഞത്. വാഴ ഒരു മരമാണെന്ന് സമര്‍ദ്ധിച്ച് പാതി വിജയിച്ച മന്ത്രി കര്‍ഷകന്, കൃഷിവകുപ്പുമായി ആലോചിച്ച് വേണ്ട നഷ്ടം നല്‍കാമെന്ന് പറഞ്ഞതാണ് ഏക ആശ്വാസം.

വികസനത്തിന്റെ വസന്തമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സി.എച്ച്. കുഞ്ഞമ്പു ചോദ്യോത്തര വേളയില്‍ പറഞ്ഞത് കേട്ട പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ആരൊക്കെയോ ഊറിയൂറി ചിരിക്കുന്നുണ്ടായിരുന്നു. ട്രഷറി ബെഞ്ചിലിരിക്കുന്നവര്‍ സീരിയസ്സായി പറയുന്ന കാര്യങ്ങളെല്ലാം കോമഡിയായേ പ്രതിപക്ഷത്തിനു തോന്നാറുള്ളൂ. വികസന വസന്ത കേരളത്തെ കേന്ദ്രസര്‍ക്കാര്‍ പിറകോട്ടു വലിക്കുന്നത് മറികടക്കാന്‍ എന്താണ് വഴിയെന്നാണ് കുഞ്ഞമ്പുവിന്റെ ആശങ്കയോടെയുള്ള ചോദ്യം.
കിഫ്ബി വഴി ലക്ഷംകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എന്നാല്‍, കിഫ്ബിയെടുക്കുന്ന വായ്പകള്‍ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ എഴുതുന്ന കേന്ദ്ര നടപടി ശരിയല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. നാഷണല്‍ ഹൈവേ അഥോറിട്ടി എടുക്കുന്ന വായ്പകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടില്‍ കൂട്ടുന്നില്ലല്ലോ. അവിടെ എന്തുമാകാം, ഇവിടെ ഇങ്ങനെയേ ആകൂ എന്ന നിലപാട് ശരിയല്ല. ശറിയല്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്.

അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള രണ്ടു കക്ഷികള്‍ ഐകകണ്‌ഠേന ഏകസിവില്‍ കോഡിനെതിരേ പ്രമേയം പാസാക്കിക്കളഞ്ഞു. കേരളത്തില്‍ തമ്മില്‍ തല്ലിയാലും കേന്ദ്രത്തിന്റെ കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന പൊതു തത്വം നിയമസഭയിലും കണ്ടു. തത്വവും സംഹിതകളുമെല്ലാം അല്‍പ്പസമയത്തേക്കേ ഉണ്ടാകൂ എന്നുമാത്രം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും, ആരോഗ്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കലും നിയമ ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് തിരുവഞ്ചൂരിന്റെ വെടിച്ചില്ല് പ്രയോഗം വന്നത്. ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കടകംപള്ളി സുരേന്ദ്രനുമായി ഇടഞ്ഞു. കോടതിയുടെ തിണ്ണയില്‍ കേറാത്തവരാണ് കേസ് വിജയിക്കുന്നതിനെ കുറിച്ച് പറയുന്നത് എന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. വായില്‍ വന്നതെല്ലാം സഭ്യമായ ഭാഷയില്‍ പറഞ്ഞാണ് തിരുവഞ്ചിയൂര്‍ നിര്‍ത്തിയത്. ഭാഗ്യത്തിന് പറഞ്ഞതിലൊന്നും അക്ഷര പിശകോ, അര്‍ത്ഥ വ്യത്യാസമോ, വിക്കലോ-വിങ്ങലോ ഒന്നും ഉണ്ടായില്ല.

Leave a Reply

Your email address will not be published.

high-court-babyes- Previous post കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി
election-puthuppally- Next post പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്; വോട്ടെണ്ണൽ സെപ്റ്റംബർ 8ന്