
സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎ മാർക്ക് നിയമസഭ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചു
നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭ എത്തിക്സ് കമ്മിറ്റി. കമ്മിറ്റിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയെന്ന ആരോപണത്തെ തുടർന്ന് റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ധീഖ്, അൻവർ സാദത്ത്, എ.കെ.എം അഷ്‌റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
2023 മാർച്ച് 15ന് സഭാ സമ്മേളനം നടക്കുന്നതിനിടെ ആയിരുന്നു സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത്. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും രംഗത്തുവന്നതോടെ ഇരുവരും തമ്മിൽ നേർക്കുനേർ പോരാട്ടമായി.
ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി, ആക്രമിച്ചു, അസഭ്യം പറഞ്ഞു തുടങ്ങി നിരവധി പരാതികൾ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ആരോപിച്ചിരുന്നു. നാല് വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിലാണ് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നടപടി.