
ഇനി അങ്കം നിയമസഭയില്‍: ആരോപണ പ്രളയത്തില്‍ മുങ്ങും
- ആക്രമിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീര്‍ക്കാന്‍ ഭരണ പക്ഷം
എ.എസ്. അജയ്‌ദേവ്
ആരോപണ പ്രത്യാരോപണങ്ങളുടെ ഇരുതല വാളോങ്ങാന്‍ നിയമസഭാ സമ്മേളനം അടുത്ത മാസം 7ന് ആരംഭിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും അഴിമതി ആരോപണങ്ങളുടെ ഭാണ്ഡവുമായാണ് പ്രതിപക്ഷം സഭാതലത്തില്‍ എത്തുന്നത്. കെ. റെയിലിന്റെ മഞ്ഞക്കുറ്റി പറിച്ച് ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിലിനു വേണ്ടി കളമൊരുക്കുന്ന കോടിക്കോഴ മുതല്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രിന്‍സിപ്പല്‍ പട്ടികയിലെ അനധികൃത ഇടപെടല്‍ വരെ പ്രതിപക്ഷം വിഷയമാക്കും. സഭാ നാഥനായ എ.എന്‍. ഷംസീറിന്റെ ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള പരാമര്‍ശം തന്നെ സഭിയലും വിവാദമാകും. ഇപ്പോള്‍ ഷംസീറിനെതിരെ എന്‍.എസ്.എസും രംഗത്തെത്തിക്കഴിഞ്ഞു. വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന പി. ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന യുവമോര്‍ച്ച നേതാവിന്റെ ഭീഷണിക്കായിരുന്നു മറുപടി. ഗണപതിയെ സ്പീക്കര്‍ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. കുന്നത്തുനാട് നടത്തിയ പ്രസംഗത്തെ ചൊല്ലിയാണ് വിവാദം. ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവപുരാണങ്ങളിലെ മിത്തുകള്‍ കുട്ടികളെ പഠിപ്പിക്കുന്നെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാരോപിച്ച് ഷംസീറിനെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

അന്‍വര്‍ എം.എല്‍.എയുടേയും മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍സ്‌ക്കറിയയുടേയും തുറന്ന യുദ്ധവും സഭയില്‍ ചര്‍ച്ചയാകും. സോഷ്യല്‍ മീഡിയയെയും യൂ ട്യൂബ് ചാനലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കവും സഭയില്‍ ഉണ്ടാകും. ഇതിനു മുന്നോടിയായാണ് സഭാ ടി.വിയിലെ വിഷ്വലുകള്‍ എഡിറ്റ് ചെയ്യാതെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതായത്, ആക്ഷേപഹാസ്യ പരിപാടികള്‍ക്കോ, ട്രോളുകള്‍ക്കോ നിയമസഭാ വിഷ്വലുകള്‍ ഉപയോഗിക്കരുതെന്ന് സാരം. ഷാജന്‍സ്‌ക്കറിയയുടെ മറവില്‍ മറ്റു യൂ ട്യൂബ് ചാനലുകളെ മൂക്കുകയറിടുകയാണ് ലക്ഷ്യം.

ആലുവയിലെ അഞ്ചുവയസ്സുകാരിചാന്ദ്‌നിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയമാണ് മറ്റൊന്ന്. കാണാതായിട്ട് 21 മണിക്കൂര്‍ പോലീസ് കുഞ്ഞിനെ തിരഞ്ഞ് നടന്നതും, പിറ്റേന്ന് ആലുവ മാര്‍ക്കറ്റിലെ തെളിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയതും കേരളത്തെ ഞെട്ടിച്ചു. എന്നിട്ടും, പോലീസിനെ ന്യായീകരിച്ചിറങ്ങിയ നേതാക്കളെയാണ് സമൂഹം കാണുന്നത്. പ്രതിയെ ചരിത്രത്തില്‍പ്പോലുമില്ലാത്ത വേഗതയില്‍ പിടികൂടിയെന്നാണ് വാദം. എന്നാല്‍, ചാന്ദ്‌നിയെ ജീവനോടെ കണ്ടെത്താനായില്ലെന്ന പിടിപ്പു കേടിനെ മറയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നതാണ് സത്യം. ഇത് നിയമസഭയില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടവെയ്ക്കും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈയ്യിലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുന്നു. പോലീസിന്റെ രാഷ്ട്രീയ മനോഭാവം മൂലം ഒന്നും തടയപ്പെടാനാകുന്നില്ല.

അയ്യന്‍കാളി ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കവേ ഉണ്ടായ മൈക്ക് ഹൗലിംഗാണ് മറ്റൊരു വിഷയം. ഹൗളിംഗാണോ, അതോ മനപ്പൂര്‍വ്വം വരുത്തിയതാണോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അതിരു കടന്നിരുന്നു. മൈക്കിനെയും ആംബ്ലിഫയറിനെയും അറസ്റ്റു ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും പറഞ്ഞു തീരാത്തവര്‍ നാറ്റിച്ചും, പ്രകീര്‍ത്തിച്ചും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. സഭയില്‍ ഈ ഴിഷയം എത്തുമെന്നതില്‍ തര്‍ക്കമില്ല. പനങ്ങാട് പോലീസ് കുട്ടികളുടെ ഫുട്‌ബോള്‍ കസ്റ്റഡിയിലെടുത്ത സംഭവവും ചര്‍ച്ചയാക്കുമെന്നുറപ്പാണ്.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് മറ്റൊരു യമണ്ടന്‍ പ്രശ്‌നം. ഓണവും, ചക്രാന്തിയുമൊന്നും ആഘോഷിക്കാന്‍ അവസ്ഥയല്ലെന്ന് മറുനാടന്‍ മലയാളികള്‍ക്കു പോലുമറിയാം. കേരളത്തെ, കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന ആക്ഷേപമാണ് ധനമന്ത്രിക്കുള്ളത്. കടമെടുക്കല്‍ പരിധി ഉയര്‍ത്തി കേരളത്തെ ഓണം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറയാകുന്ന കേന്ദ്രമാണ് പ്രധാന പ്രശ്‌നം. കടംകേറി മുടിഞ്ഞിട്ടും ഇനിയും കടമെടുത്ത് സുഖിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രവും. ധൂര്‍ത്തും ആഡമ്പരവും അദികമായിപ്പോയെന്ന വിമര്‍ശം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഓണാഘോഷവും, മന്ത്രിമാരുടെ മന്ദിരങ്ങള്‍ മോഡിപിടിപ്പിക്കല്‍, കാറുകള്‍ വാങ്ങല്‍, വിദേശ യാത്രകള്‍ തുടങ്ങി എല്ലാ ധൂര്‍ത്തും അക്കമിട്ടു നിരത്തും.

സ്വപ്‌നയും, ഫ്‌ളാറ്റ് അഴിമതിയും, ശിവശങ്കരനുമെല്ലാം സഭയിലെ ചര്‍ച്ചയ്ക്കിടയില്‍ വന്നുപോകുമെന്നുറപ്പ്. ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് യുദ്ധം പ്രതിപക്ഷം ആയുധമാക്കും. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയിലെ പങ്കാളിത്തം കേരളത്തിന്റെ യഥാര്‍ഥ മനസ്സാണെന്നും പറയും. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ അപകടകാരിയാണ് മരിച്ച ഉമ്മന്‍ചാണ്ടിയെന്നും, പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി നിലനിര്‍ത്തുമെന്നും പ്രതിപക്ഷം പറഞ്ഞ് സ്ഥാപിക്കും. മണിപ്പൂരിലെ മെയ്തി കുക്കി കലാപവും, കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും മൗനവും ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റപ്പെടുത്തും.

ചോദ്യോത്തര വേളകളിലും, അടിയന്ത്രി പ്രമേയ അവതരണ സമയമായ സീറോ അവറിലും സഭ കലുഷിതമാകുമെന്നുറപ്പാണ്. മുഖ്യമന്ത്രിയെ നോട്ടമിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ അധികവും. ഏത് അഴിമതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടാകും. ഐ.ഐ ക്യാമറ കൊള്ളയിലും, ഫ്‌ളാറ്റ് നിര്‍മ്മാണത്തിലും, ശിവശങ്കരന്റെ കാര്യത്തിലും സ്വപ്‌നയ്ക്ക് സഹായം നല്‍കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇഠപെട്ടിട്ടുണ്ട്. സബ്മിഷനും, ശ്രദ്ധക്ഷണിക്കലുമെല്ലാം വിവാദ വിഷയങ്ങലിലൂന്നിയായിരിക്കുമെന്നുറപ്പാണ്. അടിയന്തിര പ്രമേയങ്ങള്‍ക്ക് അനുമതി കൊടുക്കാതിരിക്കാനേ ട്രഷറി ബഞ്ച് തയ്യാറാകൂ. പ്രതിപക്ഷം കൊണ്ടുവരുന്ന എല്ലാ അടിയന്തിര പ്രമേയങ്ങളും കത്തുന്നതായിരിക്കും.

അതുകൊണ്ടുതന്നെ അനുമതി നിഷേധിക്കും. ഇറങ്ങിപ്പോകും, വാക്കൗട്ടും, സ്പീക്കറെ ഖരാവോ ചെയ്യലും, നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരിപ്പു സമരങ്ങളും നിര്‍ബാധം നടക്കും. എന്തിനാണോ സഭ ചേരുന്നത്, ആ ഗൗരവം നഷ്ടപ്പെടുമെന്നുറപ്പാണ്. ഏകപക്ഷീയമായി ബില്ലുകളെല്ലാം പാസാക്കി, ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിക്കൊണ്ടുള്ള സഭയായിരിക്കും അടുത്ത മാസം 7ന് ആരംഭിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ വൈക്കം പുരുഷോത്തമന്‍ ഇന്നസെന്റ് തുടങ്ങിയവര്‍ക്കെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക.