
നിയമസഭയില്‍ ആക്രി ലേലം, വിറ്റത് 25,000 രൂപയ്ക്ക് (എക്സ്ക്ലൂസീവ്)
- കാലന്‍കുട മുതല്‍ അലൂമിനിയം ചരുവം വരെ ഉപയോഗ ശൂന്യമായ 28 ഇനങ്ങള്‍ ലേലം ചെയ്തു.
എ.എസ്. അജയ്ദേവ്
കേരളം കടംകയറി മുടിഞ്ഞ് ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുമ്പോഴാണ്, കാണം വിറ്റും ഓണം ഉണ്ണാമെന്ന പഴമൊഴി അച്ചൊട്ടായതു പോലെ നിയമസഭയില്‍ ആക്രി ലേലം നടന്നത്. നിയമസഭയില്‍ ഉണ്ടായിരുന്ന എല്ലാ ആക്രിയും നുള്ളിപ്പറക്കി വിറ്റാണ് നിയമസഭ ഹൗസ്കീപ്പിംഗ് വിഭാഗം സര്‍ക്കാരിന് ഓണം എങ്ങനെ ആഘോഷിക്കണമെന്ന് കാണിച്ചു കൊടുത്തത്. നിയമസഭാ സെക്രട്ടേറിയേറ്റിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച ലേലം നടപടികള്‍ ഒരു മണിക്കാണ് പൂര്‍ത്തിയായത്. കാലന്‍കുട മുതല്‍ അലൂമിനിയം ചരുവം വരെ ഉപയോഗ ശൂന്യമായ 28 ഇനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാനാണ് എ.എന്‍. ഷംസീര്‍ അനുമതി നല്‍കിയിരുന്നത്. ഈ മാസം 2നാണ് ഇതുസംബന്ധിച്ച പരസ്യം പുറത്തിറക്കിയത്.

ലേലത്തില്‍ പങ്കെടുക്കാന്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. നിരത ദ്രവ്യമായ 850 രൂപ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്തവരാണിവര്‍. പെഡസ്റ്റല്‍ ഫാന്‍, ടവര്‍ ഫാന്‍, വാള് ഫാന്‍, കമ്പ്യൂട്ടര്‍ കസേര, ഇരുമ്പ് മേശ, കമ്പ്യൂട്ടര്‍ മേശ, പോഡിയം, തടി സ്റ്റാന്റ്, ചാരു കസേര, സെക്യൂരിറ്റി ക്യാബിന്, കമ്പ്യൂട്ടര്‍ ടേബിള്‍, കാലന് കുട, കണ്ണാടി, പ്ലാസ്റ്റിക്ക് ബക്കറ്റ് അടപ്പ് , മിക്സി, ഗ്രൈന്റര്‍, തെര്‍മല്‍ ഫ്ലാസ്ക്, കിച്ചന് സ്റ്റില്‍ റാക്ക്, ഫ്രയിംഗ് പാന്‍, കാസറോള്‍, പ്രഷര്‍ കുക്കര്‍, അലുമിനിയം ഉരുളി, സ്റ്റില്‍ ചരുവം, അലുമിനിയം ചരുവം, ക്ലോക്ക്, പിച്ചള സേവനാഴി എന്നിവയാണ് ലേല വസ്തുക്കള്‍. 90 ക്ലോക്ക്, 20 കാലന് കുട, 25 കണ്ണാടി, 33 കമ്പ്യൂട്ടര്‍ കസേര എന്നിങ്ങനെയാണ് ലേല വസ്തുക്കളുടെ എണ്ണം. മറ്റ് ലേല വസ്തുക്കളും ഒന്നില്‍ കൂടുതല്‍ ഉണ്ട്. മിക്സി, ഗ്രൈന്റര്‍, കിച്ചന് സ്റ്റില്‍ റാക്ക്, പോഡിയം, ചെറിയ തടി സ്റ്റാന്റ് എന്നീ ലേല വസ്തുക്കള്‍ ഒരെണ്ണം വീതം ആണ് ഉള്ളത്.

16,000 രൂപയാണ് ആക്രിയ്ക്ക് മതിപ്പ് വിലയിട്ടിരുന്നത്. എന്നാല്‍, ഏകദേശം 25,000 രൂപയ്ക്ക് ലേലത്തില്പ്പോയെന്നാണ് ലഭിക്കുന്ന വിവരം. ലേലത്തില്‍ പങ്കെടുത്ത സുല്‍ത്താന്‍ പിള്ള എന്ന ആള്‍ക്കാണ് വസ്തുക്കള്‍ ലേലത്തില്‍ കിട്ടിയതെന്നും സൂചനയുണ്ട്. നിയമസഭയിലെ ലേലം വിളി മറ്റ് സര്‍ക്കാര്‍ ഓഫീസികളിലും, എക്സൈസ്, പോലീസ്, കോടതി എന്നീ സ്ഥാപനങ്ങളിലും നടത്താവുന്നതാണ്. സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ആക്രികള്‍ ഒന്നുമില്ല. സെക്രട്ടേറിയറ്റിലെ ആക്രിലേലം ഒരു സംഭവം തന്നെയായിരിക്കും. മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ച പഴയ കസേരകള്‍ മുതല്‍ എന്തെല്ലാം പുരാവസ്തുക്കളാണ് സെക്രട്ടറേയിറ്റിലുള്ളത്. മാറി വരുന്ന സര്‍ക്കാരുകളെല്ലാം ഓഫീസ് മോഡി പിടിപ്പിക്കുന്നതില്‍ വലിയ താല്‍പ്പര്യക്കാരാണ്. അതുകൊണ്ടുതന്നെ അഞ്ചഞ്ചു വര്‍ഷം കഴിയുമ്പോള്‍ മന്ത്രിമാരുടെ ഓഫീസുകളിലെല്ലാം പുതിയ സാധനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. പഴയതെല്ലാം സെക്രട്ടേറിയറ്റിന്റെ പിന്‍വശത്തേക്ക് തള്ളപ്പെടുകയും ചെയ്യും. ഇങ്ങനെ തള്ളപ്പെടുന്ന വസ്തുക്കള്‍ ലേലം ചെയ്താല്‍ത്തന്നെ സെക്രട്ടറിയറ്റിലെ ഓണാഘോഷത്തന്റെ ഭാഗമായുള്ള ദീപാലംഗാരത്തിന്റെ പണം കണ്ടെത്താനാകും.

നിയമസഭയിലെ ആക്രി ലേലം ഒരു നല്ല മാതൃകയാണെന്ന ബോധ്യമുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ കൂട്ടിയിട്ടിരിക്കുന്ന പഴ വാഹനങ്ങളെല്ലാം തൂക്കി വില്‍ക്കണം. റോഡിലിറങ്ങി ജനങ്ങളെ കള്ളന്മാരാക്കി വാഹന പരിശോധന നടത്തി പിരിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ആക്രിക്കച്ചവടം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്തു പോകുന്ന, വഴിയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ആക്രി സാധനങ്ങള്‍ സമയബന്ധിതമായി തൂക്കി വില്‍ക്കാനോ, ആക്രിക്ക് കൊടുക്കാനോ, ലേലം ചെയ്യാനോ തയ്യാറാകുമോ എന്നതാണ് നിയമസഭയില്‍ നിന്നുയരുന്ന സാമൂഹിക ചോദ്യം. 2000 കോടി കടമെടുത്ത് ഓണമാഘോഷിക്കാന്‍ തയ്യാറായി നില്ക്കുന്ന സര്‍ക്കാരിനും ഇതൊരു മാതൃകയാണ്. എ.എന്‍. ഷംസീര്‍ സ്പീക്കറായി അധികാരത്തിലേറിയ അന്നുതന്നെ നിയമസഭാ മന്ദിരത്തിലുണ്ടായിരുന്ന സകല ദൈവങ്ങളുടെയും ഫോട്ടോകള്‍ മാറ്റി വിവാദത്തിന്റെ വഴിയേ സഞ്ചരിച്ച വ്യക്തിയാണ്. അതിനുശേഷമാണ് മിത്ത് വിവാദത്തില്‍പ്പെട്ടത്. എന്നാല്‍, ഇതൊന്നും നിയമസഭയിലെ ആക്രിക്ക്ചവടത്തിനെ ബാധിച്ചില്ലെന്നതാണ് കൗതുകകരം.