
ചെന്നൈ ഇനി വേറെ ലെവൽ; പുത്തൻ വന്ദേ ഭാരത് എത്തുന്നത് ഇവിടെ
ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനൊരുങ്ങുകയാണ്. ചെന്നൈയ്ക്കും തിരുനെൽവേലിക്കും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാർക്ക് സാധാരണ എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് രണ്ട് മണിക്കൂർ വരെ ലാഭിക്കാനാകുമെന്ന് റെയിൽവേ അധികൃതരുടെ അഭിപ്രായം. എട്ട് കോച്ചുകളുള്ള ഈ വന്ദേ ഭാരത് ട്രെയിനിന് ട്രിച്ചിയിലും മധുരയിലും രണ്ടിടങ്ങളിൽ മാത്രമേ സ്റ്റോപ്പുണ്ടാകൂ. ഇതിനുമുൻപ് ഏപ്രിൽ 8 നാണ് പ്രധാനമന്ത്രി മോദി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഡോ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ, ആധുനിക സൗകര്യങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളുമുള്ള ഉദ്ഘാടന സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുമായും അദ്ദേഹം ട്രെയിനിലുളള യാത്രയിൽ സംവാദം നടത്തിയിരുന്നു.

തമിഴ്നാട്ടിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ എന്ന വിശേഷണവും, തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ ‘കവച്’, അത് മാത്രമല്ല എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനായി ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് അധികൃതഞ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. വടക്കേ ഇന്ത്യയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെന്നിക്കൊടി പാറിച്ച ശേഷമാണ് കേരളത്തിലെ ട്രാക്കുകളിലേക്കും എത്തിയത്. 16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്.

രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. ‘ട്രെയിൻ 18’ എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും. പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം. യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്. ടോയ്ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്.

കൂടാതെ ട്രെയിനിന്റെ വിൻഡോൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്സ്പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ. വായു ശുദ്ധീകരണത്തിനായി വന്ദേ ഭാരത് എക്സ്പ്രസിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച പാക്കേജ് യൂണിറ്റിൽ (RMPU) ഫോട്ടോകാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവാച് ടെക്നോളജി എന്ന അത്യാധുനിക സുരക്ഷാ ഫീച്ചറാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ മറ്റൊരു സവിശേഷത. ഈ നൂതന ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാനും സഹായിക്കും.