
മണിപ്പൂരിലെ അതിക്രമം രാജ്യത്തിന് ലജ്ജാകരം; കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി
മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികൾക്കു മാപ്പില്ലെന്നും, സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏത് കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക”- പ്രധാനമന്ത്രി വ്യക്തമാക്കി.സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ തുടർന്ന് നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഭവത്തെ അപലപിച്ചു. അതിനിടെ, പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.