
ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നളിനി നൽകിയ ഹർജിയിൽ തമിഴ്നാട് സർക്കാരിനും തിരുചിറപ്പള്ളി കലക്ടർക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. വിദേശികൾ രജിസ്റ്റർ ചെയ്യേണ്ട എഫ്ആർആർഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
രാജീവ്ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ മുരുകൻ ലങ്കൻ പൗരനാണ്. ഇയാൾ ഇപ്പോൾ തിരുചിരപ്പള്ളിയിലെ അഭയാർത്ഥി കേന്ദ്രത്തിലാണുള്ളത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നളിനി ഉൾപ്പെടെയുള്ള ആറ് പ്രതികളാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് മോചിപ്പിച്ചത്.
നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രിലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.