mv-govindan-pinarayi-vijayan

എൻഎസ്എസിനോട് പിണക്കമില്ല, ‘മാസപ്പടി’യിൽ മിണ്ടാതെ മടങ്ങി എം.വി ഗോവിന്ദൻ

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ. സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

വോട്ട് അഭ്യർഥിച്ച് ആരെയും കാണുന്നതിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാ സമുദായനേതാക്കളെയും വോട്ടർമാരെയും സ്ഥാനാർഥികൾ കാണും. പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സിപിഎമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവർക്കും വോട്ടുണ്ടെന്നും അതിനാൽ എല്ലാവരോടും വോട്ട് അഭ്യർഥിക്കേണ്ടിവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സപ്ലൈക്കോയ്ക്കും മറ്റ് പൊതുവിതരണ സംവിധാനങ്ങൾക്കുമുള്ള പണം സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നിറവേറ്റുന്നുണ്ട്. സംസ്ഥാനത്തിന്റെ നികുതി പിരിവില്‍ വലിയ വർധനവുണ്ടായി. നികുതിയിനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 71000 കോടിരൂപ ലഭിച്ചു. 50 ശതമാനമാണു നികുതിപിരിവിൽ വർധനവുണ്ടായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ  സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. 

Leave a Reply

Your email address will not be published.

instagramme-social-media Previous post ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുതൽ; ഭർത്താവ് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു
railway-rail-stone-break Next post രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്; ആസൂത്രിതമെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്