
വീടുവയ്ക്കാനെടുത്ത വായ്പ കടക്കെണിയിലാക്കി, വിഷം കലർത്തിയത് വൈറ്റമിൻ ഗുളികയിൽ; ബന്ധുക്കൾ എത്തുമ്പോഴേയ്ക്കും ശിവരാജനും അഭിരാമിയും മരിച്ചു
തിരുവനന്തപുരം പുല്ലാന്നിമുക്കിൽ കുടുംബത്തിലെ 4 പേർ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ആശുപത്രിയിൽ ചികിത്സയിൽ. പുല്ലാന്നിമുക്ക് ശിവബിന്ദു വീട്ടിൽ ജി.ശിവരാജൻ (56), മകൾ ബി.എസ്.അഭിരാമി (22) എന്നിവരാണു മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തി എന്നറിയപ്പെടുന്ന കെ.ബിന്ദു (53), മകൻ എസ്.അർജുൻ (19) എന്നിവരാണു ചികിത്സയിലുള്ളത്. കടബാധ്യതയെത്തുടർന്നാണ് ഇവർ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിനെയും മകൻ അർജുനെയും അപകടനില തരണം ചെയ്തതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. ഇവർക്കൊപ്പം വീട്ടിൽ കഴിയുന്ന ബിന്ദുവിന്റെ മാതാവ് എസ്.കനിയമ്മാൾ പുലർച്ചെയാണ് വിവരം അറിയുന്നത്. തലേന്നു രാത്രി ഭക്ഷണത്തിനു ശേഷം വൈറ്റമിൻ ഗുളികയിൽ വിഷം കലർത്തി കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണു പൊലീസ് നിഗമനം. ശിവരാജൻ രാത്രിയിൽ നൽകിയ ഗുളിക തങ്ങൾ കഴിക്കുകയായിരുന്നെന്നാണു മകൻ അർജുൻ പൊലീസിനു മൊഴി നൽകിയത്. വൈറ്റമിൻ ഗുളിക ഇടയ്ക്കു നൽകിയിരുന്നതിനാൽ സംശയം തോന്നിയില്ലെന്നും പറഞ്ഞു.
കനിയമ്മാളിന്റെ മുറിയിൽ കിടന്നിരുന്ന അർജുൻ വെളുപ്പിനു നാലുമണിക്കു ഛർദിച്ചതിനെത്തുടർന്നു എഴുന്നേറ്റപ്പോൾ തൊട്ടടുത്ത മുറിയിൽ നിന്ന് ബിന്ദു ഛർദിക്കുന്ന ശബ്ദം കേട്ട് അവിടേക്കു ചെല്ലുകയായിരുന്നു. മുറിയിൽ അവശയായ നിലയിൽ ഇരിക്കുന്ന ബിന്ദുവിനെയും സമീപം അനക്കമില്ലാതെ കിടക്കുന്ന ശിവരാജനെയുമാണു കണ്ടത്. മുകളിലത്തെ നിലയിൽ അഭിരാമിയെയും കണ്ടതോടെ അർജുൻ ശിവരാജന്റെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ആംബുലൻസിൽ അർജുനെയും ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചു. ശിവരാജനും അഭിരാമിയും അപ്പോഴേയ്ക്കും മരിച്ചിരുന്നു. വിഴിഞ്ഞം പുളിങ്കുടിയിൽ ജ്വല്ലറി നടത്തുകയാണു ശിവരാജൻ.
പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളിൽനിന്നും വെങ്ങാനൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളിൽനിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതൽ കടത്തിലാക്കി.
ഒടുവിൽ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോൾ വീട് വിൽക്കാൻ തീരുമാനിച്ചു. പക്ഷേ, ആ തുകയിൽ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജൻ ഭാര്യക്കും മക്കൾക്കും വിഷംനൽകി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു.