
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട അനന്തരവൻ അറസ്റ്റിൽ
മദ്ധ്യപ്രദേശിൽ കടം വാങ്ങിച്ച പണം തിരികെ ചോദിച്ച വ്യവസായിയെ അനന്തരവൻ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഗുണ ജില്ലയിലെ നാൽപ്പത്തിയഞ്ചുകാരനായ വിവേക് ശർമയാണ് കൊല്ലപ്പെട്ടത്. അനന്തരവൻ മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകിൽ നിന്ന് മെഡിക്കൽ റപ്രസന്റേറ്റീവായ മോഹിത് 90,000 രൂപ കടം വാങ്ങിയിരുന്നു. തുക തിരികെ വാങ്ങാൻ ഈ മാസം പന്ത്രണ്ടിനാണ് വിവേക് പ്രതിയുടെ വീട്ടിൽ പോയത്.
പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ പ്രതി ചായയിൽ ഉറക്കഗുളിക ചേർത്തുനൽകുകയായിരുന്നു. അബോധാവസ്ഥയിലായ വിവേകിനെ കൊന്ന്, മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ചു. തുടർന്ന് ചാക്കുകളിലാക്കി അണക്കെട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. വിവേക് തിരിച്ചെത്താതായതോടെ ബന്ധുക്കൾ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംശയം തോന്നിയ പൊലീസ് മോഹിത്തിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.