
അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും’; ജയ്കിന് ഹാട്രിക് കിട്ടുമെന്ന് കെ മുരളീധരൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻറെ വിജയം ഉറപ്പെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടി ചികിത്സ വിവാദത്തിൽ സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്. അത് ജനം തള്ളും. ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും. അതിന് ആശംസകളെന്നും അദ്ദേഹം പരിഹസിച്ചു.
മാസപ്പടി വിവാദത്തിൽ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല. ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽ നിന്നും സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്. വരുമാനം മറച്ച് വച്ചാൽ ഡിസ്ക്വാളിഫിക്കേഷൻ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.