
ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരമായി മുംബൈ; താങ്ങാനാവുന്ന ചെലവുകളുള്ളത് അഹ്മദാബാദിൽ
ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി മുംബൈ. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോൾ രണ്ടാം സ്ഥാനത്താണ് മുംബൈ. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹ്മദാബാദാണ് താങ്ങാനാവുന്ന ജീവിത ചെലവുകളുള്ള ഇന്ത്യൻ നഗരം. ഏറ്റവും താങ്ങാനാകുന്ന ഭവന വിപണിയുള്ളതും ഇവിടെയാണ്. പുണെയും കൊൽക്കത്തയുമാണ് ഇതിന് പിന്നാലെയുള്ളത്.ഇ.എം.ഐ – വരുമാന അനുപാതം കണക്കാക്കുമ്പോൾ അഹമ്മദാബാദിൽ 23 ശതമാനവും, പുണെയിലും കൊൽക്കത്തയിലും 26 ശതമാനം വീതവുമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും ഡൽഹിയിൽ 30 ശതമാനവും ഹൈദരാബാദിൽ 31ഉം മുംബൈയിലത് 55 ശതമാനവുമാണ്.