
എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക
എ.എസ്. അജയ്‌ദേവ്
അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു ‘മഞ്ഞ്’തുള്ളി പോലെ ഊര്‍ന്നുവീണ എഴുത്തുകളെ പ്രണയിച്ചു പോയവരാണേറെപ്പേരും. ‘കാലം’ കഴിഞ്ഞാലും തെളിമയോടെ വിരിയുന്ന എത്രയെത്ര നല്ല നിമിഷങ്ങള്‍. ‘നാലുകെട്ട്’ വിട്ടൊരു കഥപറയാനില്ലെന്ന് ആരോ വാശിപിടിക്കും പോലെ. കുറുമ്പുകാട്ടി പിണങ്ങിയിരിക്കുന്ന കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ ഇന്നും ‘പാതിരാവും പകല്‍വെളിച്ചവും’ കണ്ടിരിക്കുന്നു.

ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ കാണാന്‍ കഴിയട്ടെയെന്ന് എത്രവട്ടമായിരിക്കും ആയിരങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക. ഈ ‘അസുരവിത്ത്’ ‘അറബിപ്പൊന്ന്’ കൊണ്ടുവരുമെന്ന് കരുതിയാണോ പ്രാര്‍ത്ഥനകളെല്ലാം നടത്തുന്നത്. പി.എന്‍. മുഹമ്മദുമായി ചേര്‍ന്ന് നിന്നപ്പോഴാണ് ‘വാരണാസി’യുടെ വഴികളില്‍ നടന്നാണ് ‘രണ്ടാമൂഴം’ ഭീമനെ കുറിച്ചാണെന്ന് പറഞ്ഞതും എഴുതിയതും. നോവലുകളെല്ലാം നോവുകളും അലിവുകളുമായി മലയാളികളിലേക്ക് മരംപെയ്തു കൊണ്ടിരിക്കുകയാണ് ഇന്നും.

ജ്ഞാനപീഠമേ, തൊണ്ണൂറാം വയസ്സിന്റെ വാതില്‍ തുറന്നിറങ്ങുമ്പോഴും ചിരിയുടെ നേര്‍ത്ത കിരണം പോലും വീഴാത്ത ആ മുഖം, കനപ്പെട്ട് ചിന്തിക്കുന്നതെന്താണ്. ആശംസകള്‍ നേരുന്ന മലയാളമണ്ണിന്റെ നാണം കുണുങ്ങും കവിള്‍ത്തടങ്ങളില്‍ തലോടി പോകാനൊരിഷ്ടമില്ലേ പ്രിയ കഥാകാരാ. പുന്നയൂര്‍ക്കുളത്തുക്കാരന്‍ തെണ്ട്യേത്ത് നാരായണന്‍ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും മകനായി ജനിച്ചു. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായി ചെറുപ്പകാലം. കൈയ്യില്‍ കിട്ടിയതെല്ലാം വായിച്ചും, മനസ്സില്‍ കണ്ടതെല്ലാം എഴുതിയും വളര്‍ന്നു. പഠനവും അധ്യാപനവും കഴിഞ്ഞ്, ചലച്ചിത്ര മേഖലയിലും തൊട്ടു. പ്രശസ്തിയുടെ കൊടുമുടികളെല്ലാം താണു താഴ്ന്നിറങ്ങി.

വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ തന്റെ പേനത്തുമ്പിലിട്ട് നല്ലവനാക്കി മാറ്റിയ എം.ടി. കുടിവെള്ളം പോലും നിധിയായി മാറിയ നാട്ടില്‍ മഴപെയ്യിക്കാന്‍ കന്യകനായ മുനിവര്യനെ എത്തിച്ച അഭിസാരികയുടെ മകള്‍ വൈശാലിയെ ജനങ്ങളെകൊണ്ട് ചവിട്ടിച്ച് കൊന്ന എം.ടി. തന്നേക്കാള്‍ കേമനാകുമെന്നു മനസ്സിലാക്കി മകന്റെ കഴുത്തില്‍ ഉളി വീഴ്ത്തി കൊല്ലുന്ന പെരുന്തച്ഛനെ പ്രേക്ഷകരെ കൊണ്ട് വെറുപ്പിച്ച എം.ടി. ആയുധ ബലം കൊണ്ടല്ലാതെ മനോബലംകൊണ്ടും ഒളിപ്പോര്‍ കൊണ്ടും ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ മരണം വരെയും പടപൊരുതിയ പഴശ്ശിരാജയുടെ ദേശസ്‌നേഹം പഠിപ്പിച്ച എം.ടി. അങ്ങനെ വൈകാരിക സ്‌നേഹത്തിന്റെ ‘നഖക്ഷതങ്ങളുമേറ്റ്’ ‘പഞ്ചാഗ്നി’യും കണ്ട് ‘നിര്‍മ്മാല്യം’ തൊഴുത് ‘കടവ്’ ഇറങ്ങി ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ യെയും കണ്ടുള്ള ജീവിത യാത്രയാണ് എം.ടിയുടേത്.

എത്രയോ സിനിമകള്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ മലയാളിയുടെ മനസ്സിലേക്ക് അവര്‍ പോലുമറിയാതെ കയറിക്കൂടിയിരിക്കുന്നു. പരിണയം, താഴ്‌വാരം, സുകൃതം, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഓളവും തീരവും തുടങ്ങി നിരവധിയുണ്ട് പറയാന്‍. താന്നിക്കുന്നിന്റെ നെറുകയില്‍ കയറി നിന്ന് വള്ളുവനാടിന്റ ഹൃദയധമനിയായ നിളയെ നോക്കി അങ്ങു പറഞ്ഞതെല്ലാം കാലാതിവര്‍ത്തിയായ കഥകളാണ്. അങ്ങുസൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം മലയാളിയുടെ ഹൃദയത്തില്‍ ഇന്നുമെന്നും കുടിയിരിക്കുന്നു. അപ്പുണ്ണിയും സുമിത്രയും വിമലയും രാജുവും ഗോവിന്ദന്‍കുട്ടിയും കുട്ട്യേടത്തിയും ഞങ്ങള്‍ക്കിടയില്‍ എന്നും ജീവിച്ചു കൊണ്ടേയിരിക്കും.

രണ്ടാമൂഴത്തിലെ ഭീമനെയും വടക്കന്‍ പാട്ടില്‍ നിന്ന് വേര്‍പെടുത്തിയെടുത്ത ചന്തുവിനെയും പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നു. അങ്ങ് കുറിക്കുന്ന ഓരോ അക്ഷരവും ഞങ്ങള്‍ക്ക് അഭിമാനവും ആദര്‍ശവുമാണ്. വള്ളുവനാടന്‍ മണ്ണില്‍ കാലുറപ്പിച്ചു നിന്ന്, കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് അങ്ങ് ഹൃദ്യമായി ആവിഷ്‌കരിച്ചത്. വള്ളുവനാടന്‍ ഗ്രാമ ജീവിതത്തെ മുറുകെ പിടിക്കുമ്പോഴും ലോകമെമ്പാടുമുള്ള മനുഷ്യ സമൂഹത്തിന്റെ പ്രതിസന്ധികളെ കുറിച്ചാണ് എംടി സാഹിത്യത്തില്‍ നിറഞ്ഞത്. ഒരിക്കലും അങ്ങ് സ്വന്തം തട്ടകത്തില്‍ നിന്ന് പുറത്തു പോയിട്ടില്ല. എന്നിട്ടും ലോകമെങ്ങുമുള്ള മനുഷ്യ കുലത്തെയാകെ ചെന്നു തൊടുന്നതായി അങ്ങയുടെ ഓരോ എഴുത്തും.

നിളയുടെ ചാലുകളില്‍ കാല്‍ കഴുകി, ചരലും കല്ലും നിറഞ്ഞ വഴികളിലൂടെ നടന്ന് താന്നിക്കുന്നിന്റെ നെറുകയിലെത്തി ലോകത്തെ കാണുമ്പോള്‍ അങ്ങയില്‍ കഥയും കഥാപാത്രങ്ങളും രൂപപ്പെടുന്നു എന്നു വായിച്ചതോര്‍ക്കുന്നു. അത്രക്ക് ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന എഴുത്ത്. കവിതയെഴുതാത്ത കവി എന്ന് അങ്ങയെ വിളിച്ചു കേട്ടിട്ടുണ്ട്. മനോഹരങ്ങളായ കവിതകളായി ഞങ്ങളുടെ ഹൃദത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു അങ്ങയുടെ ഓരോ രചനയും. നോവല്‍ കവിതയ്‌ക്കൊപ്പമോ അതിലും ഉയരത്തിലോ എത്തിയതിന്റെ നല്ല ദൃഷ്ടാന്തമാണ് ‘മഞ്ഞ്’ എന്ന നോവല്‍. ഏകാന്തവും വ്യാകുലവുമായ ഒരാത്മാവ് ജീവിതത്തിന്റെ വലിയ പ്രാര്‍ത്ഥനകളുമായി ഇപ്പോഴും നൈനിറ്റാളില്‍ കാത്തു നില്‍ക്കുന്നുണ്ട്.

വേര്‍പാടും വ്യഥയും കാത്തിരിപ്പും ഒറ്റപ്പെടലും ചതിയും എല്ലാം ജീവിതാവസ്ഥകളാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തെ കുറിച്ചാണ് കാലത്തിന്റെ മഷിക്കൂട്ട് ചാലിച്ച് അങ്ങ് കുറിച്ചുവച്ചത്. പ്രായം ഒരു കണക്ക് മാത്രമാണ്. ഇനിയുമേറെ കഥകളായും നോവലുകളായും തിരക്കഥകളായും എഴുതാനുള്ള കാലം അങ്ങേക്ക് മുന്നില്‍ കാത്തു നില്‍ക്കുന്നു. താന്നിക്കുന്ന് കയറിവരുന്ന കാറ്റ് അങ്ങിലേക്ക് വീശിയടിക്കുമ്പോള്‍ പുതിയ രചനകള്‍ പിറക്കട്ടെ. അതൊക്കെയും വായിച്ച് വായിച്ച് മലയാളത്തിന്റെ, സംസ്‌ക്കാരങ്ങളുടെ, പച്ചപ്പുകളുടെ, നീര്‍ച്ചോലകളുടെ, നിളയുടെ പുളിനങ്ങളില്‍ മലയാളിപ്പെണ്ണ് അഭിമാനം കൊള്ളട്ടെ. നാരായത്തിന്റെ പിടിവിടാത്ത എഴുത്തിന്റെ പെരുന്തച്ഛന് ആയുരാരോഗ്യങ്ങള്‍ നേരുന്നു.

മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ 1933 ജൂലായ് 15ന് ജനിച്ചു. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം തുടങ്ങിയത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലിനോക്കി. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ചു.

തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു. പഠനകാലത്ത് മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീരുന്നത്. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃപുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 1958ല്‍ പുറത്തിറങ്ങിയ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യഅക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തേക്കു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്‌കാരം ലഭിച്ചു. കൂടാതെ ‘കാലം'(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985-വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്ക് തന്നെയായിരുന്നു.

രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥാരചന നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാര്‍ മേനോനുമായുള്ള കോടതി വ്യവഹാരത്തില്‍ പദ്ധതി നിര്‍ത്തി വെകേകണ്ടിവന്നു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാന സൂചകമായി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാര്‍ ആദരിക്കുകയും ചെയ്തു.