
എം വി ഡി ഇൻസ്പെക്ടർ ചമഞ്ഞ് 17കാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം വി ഡി) ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനാണ് (37) അറസ്റ്റിലായത്. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
പഠനത്തിനായി കൊച്ചിയിലെത്തിയ 17കാരനോട് ലുഖ്മാൻ സൗഹൃദം സ്ഥാപിക്കുകയും പാർട്ട് ടൈം ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ജൂലായ് രണ്ടിന് രാത്രി കുട്ടിയെ പാലാരിവട്ടത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും ലുഖ്മാൻ ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടതായി തെറ്റിദ്ധരിപ്പിച്ച് ഇയാൾ പലരിൽ നിന്നും വലിയ തുകകൾ കൈപ്പറ്റിയതായും പൊലീസിന് വിവരം ലഭിച്ചു. മഞ്ചേരിയിലെ ഒരു പോക്സോ കേസിൽ പ്രതിയായ ലുഖ്മാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.