
ഭാര്യയ്ക്ക് ജീവനാംശമായി 55,000 രൂപയുടെ നാണയങ്ങൾ; 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങൾ കോടതിയിൽ എത്തിച്ചത് 7 ചാക്കുകളിലായി
ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നൽകിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ. 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങൾ കോടതിയിൽ എത്തിച്ചത് ഏഴ് ചാക്കുകളിലായി. ഇതിനെതിരേ ഭാര്യ ഹർജി നൽകിയെങ്കിലും തുക നാണയങ്ങളായി നൽകാൻ ജയ്പുർ കോടതി അനുവാദം നൽകി.
ജയ്പുർ സ്വദേശിയായ ദശ്രഥിനാണ് ജീവനാംശം നാണയങ്ങളായി നൽകാൻ കോടതി അനുവാദം നൽകിയത്. ഇയാളുടെ ഭാര്യ സീമ കുമാവതിന്റെ ഹർജിയിലായിരുന്നു കോടതിയുടെ വിധി. ഭാര്യയ്ക്ക് നൽകാനുള്ള പതിനൊന്ന് മാസത്തെ ജീവനാംശ തുകയാണ് നാണയങ്ങളായി നൽകാൻ കോടതി അനുവദിച്ചത്. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ജീവനാംശം നൽകുന്നത് കഴിഞ്ഞ പതിനൊന്നു മാസമായി മുടക്കിയതിനെ തുടർന്ന് ജയ്പുരിലെ കുടുംബ കോടതിയിൽ ഭാര്യ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഏഴു ചാക്കുകളിൽ നിറച്ച 280 കിലോഗ്രാം തൂക്കംവരുന്ന അമ്പത്തിയയ്യായിരം രൂപയുടെ നാണയങ്ങളുമായി യുവാവിന്റെ ബന്ധുക്കൾ കോടതിയിലെത്തിയത്. തുക നാണയങ്ങളായി നൽകാൻ അനുമതി നൽകിയ കോടതി, നാണയങ്ങൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ആയിരം രൂപയുടെ പാക്കറ്റുകളിലായി യുവതിയ്ക്കു നൽകണമെന്ന നിബന്ധന വെച്ചിട്ടുണ്ട്. അതേസമയം, ജീവനാംശ തുക നാണയങ്ങളായി നൽകാൻ അനുവദിക്കരുതെന്നും അത് ഭാര്യയോട് ചെയ്യുന്ന മാനസിക പീഡനമാണെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു.