
‘മോദിക്ക് ധൈര്യമില്ല, ഇന്ത്യയെ നാണംകെടുത്തി’; ബിഹാറില്‍ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു
ബിഹാറിലെ ബിജെപി വക്താവ് വിനോദ് ശര്‍മ പാര്‍ട്ടി വിട്ടു. മണിപ്പൂര്‍ കലാപം സംബന്ധിച്ച ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. മണിപ്പൂരിലെ സാഹചര്യം ഇന്ത്യയെ നാണംകെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച്, സമാനമായ നൂറുകണക്കിന് കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിനോദ് ശര്‍മ വിമര്‍ശിച്ചു. നിലപാട് വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ഇത് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ പ്രശ്നം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.