
മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽ ഇനി ഫ്ലാഷ് ലൈറ്റ് പാടില്ല; ലംഘനത്തിന് 5000 പിഴ ഈടാക്കും
മന്ത്രിമാരുടേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ ഈടാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്ളാഷുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. അതേസമയം മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്.ടി.ഒ.മാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത തരത്തിൽ താഴ്ത്തി വേണം ഇവ ഘടിപ്പിക്കാൻ. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രേഷന് രേഖകളില്‍ ഉൾപ്പെടുത്തും.നിയമവിരുദ്ധമായി എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കരുത്. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.