
മഴ കുറഞ്ഞതോടെ സംഭരണികളിൽ ജലനിരപ്പ് താഴുന്നു: ഉത്പാദനം വെട്ടിക്കുറച്ച് വൈദ്യുതി ബോർഡ്
കേരളത്തിലെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറഞ്ഞതോടെ ജലവൈദ്യുത ഉത്പാദനം വെട്ടിക്കുറച്ചു. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ വൈദ്യുതി ബോർഡ് ആശങ്കയിലാണ്. എല്ലാ സംഭരണികളിലുമായി ഇനി ആകെയുള്ളത് 15 ശതമാനം വെള്ളം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ പോലും 14 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ.
സംഭണികളിലേക്കുള്ള നീരൊഴിക്കിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശരാശരി നീരൊഴുക്ക് 2.67 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്. ഇതെല്ലാം കാരണം ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം വൈദ്യുതി ബോർഡ് കുറച്ചിരിക്കുകയാണ്. ശരാശരി 17 ദശലക്ഷം യൂണിറ്റ് ഉല്പ്പാദിപ്പിച്ചിരുന്നിടത്ത് കഴിഞ്ഞ ദിവസം 9.04 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലം സംഭണികളിലെത്തുന്നത്. എന്നാല്‍ ഇത്തവണ മഴയിലെ കുറവും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഴ ലഭിക്കുമ്പോഴുള്ള ജലം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മഴ കൂടുതല്‍ ലഭിക്കുമ്പോൾ അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാറുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോയെന്നതാണ് ബോർഡിന്റെ ആശങ്ക.