
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്: അലഹബാദ് ഹൈക്കോടതി
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം നല്‍കുന്ന സുരക്ഷയോ, സാമൂഹിക അംഗീകാരമോ, സ്ഥിരതയോ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നല്‍കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി സിദ്ധാർത്ഥിന്റെ നിരീക്ഷണം.ഒരു വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിൽ ആയിരുന്ന 19 കാരിയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് തന്റെ പങ്കാളിക്കെതിരെ പരാതി നൽകിയത്. ഗര്‍ഭിണിയായ യുവതിയെ പങ്കാളി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസിലാണ് ഹൈക്കോടതി യുവാവിന് ജാമ്യം അനുവദിച്ചത്. ഓരോ സീസണിലും പങ്കാളികളെ മാറ്റുന്ന ബുദ്ധിശൂന്യമായ ഇത്തരം പ്രവര്‍ത്തി, സ്ഥിരതയും ആരോഗ്യകരവുമായ സമൂഹത്തിന്റെ മുദ്രയല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലേതുപോലെ വിവാഹം എന്ന സംവിധാനം കാലഹരണപ്പെട്ടതിന് ശേഷം മാത്രമേ ഇന്ത്യയിൽ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സാധാരണമായി കാണൂവെന്നും, ഇത് ഭാവിയില്‍ വലിയ വിപത്ത് ഉണ്ടാക്കിയേക്കാമെന്നും ജഡ്ജി പറഞ്ഞു.പുതിയ കാലത്ത് പുരോഗമന സമൂഹത്തിന്റെ അടയാളമായാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പും, വിവാഹ ബന്ധത്തില്‍ പങ്കാളിയോട് കാണിക്കുന്ന വിശ്വാസവഞ്ചനയുമെല്ലാം കണക്കാക്കുന്നത്. ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് യുവാക്കള്‍ ഇത്തരം തത്വചിന്തകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.