
കനത്ത മഴയിൽ റോഡുകള്‍ തകർന്നു; ഹിമാചലില്‍ ദമ്പതികള്‍ ഓണ്‍ലൈനിലൂടെ വിവാഹിതരായി
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ റോഡുകൾ ആകെ തകർന്നിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഓണ്‍ലൈനായി നടത്തി ഷിംല സ്വദേശിയായ ആശിഷ് സിംഘ. കുളുവിലെ ഭുന്തര്‍ സ്വദേശിയായ ശിവാന് ഠാക്കൂറിനെയാണ് ആശിഷ് വിവാഹം ചെയ്തത്.
തിങ്കളാഴ്ച വിവാഹ ഘോഷയാത്രയുമായി ആശിഷ് കുളുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ സമീപകാല ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രംതന്നെ കുളു ആയിരുന്നു. ഇതോടെയാണ് വിവാഹം ഓൺലൈനിൽ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും, അതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ദമ്പതികള്‍ വിവാഹിതരായെന്നും തിയോഗ് നിയമസഭാ മണ്ഡലത്തിലെ മുൻ നിയമസഭാംഗം രാകേഷ് സിംഗ് പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ശനിയാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. കുറഞ്ഞത് 31 പേർക്ക് എങ്കിലും മഴക്കെടുതിയിൽ ജീവൻ നഷ്ടമായിട്ടുണ്ട്.