married-kerala-news-groom

കേരളത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹത്തിനു മടിക്കുന്നു; പുരുഷന്മാർക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് പഠനം

കേരളത്തിലെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുന്നതായും കുടുംബ ജീവിതത്തോട് വിമുഖത കാണിക്കുന്നതായും സർവേ. ഇതുകാരണം വിവാഹം കഴിക്കാൻ പുരുഷന്മാർക്ക് പെൺകുട്ടികളെ കിട്ടാത്ത അവസ്ഥയാണ്. യുവാക്കള്‍ക്ക് പെണ്ണുകിട്ടാത്ത സാഹചര്യം മുന്‍നിര്‍ത്തി തിരുവനന്തപുരം പട്ടം എസ്.ടി. യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ.എ. ടി. ജിതിന്‍ ആണ് പഠനം നടത്തിയത്.

31 മുതല്‍ 98 ശതമാനംവരെ പെണ്‍കുട്ടികള്‍ വിവാഹത്തിന് താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കുന്നതിലെ താല്‍പര്യക്കുറവ്, കുട്ടികളെ വളര്‍ത്തുന്നതിനുള്ള മടി എന്നിവയാണ് വിവാഹപ്പേടിയുടെ പ്രധാന കാരണം. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണവും പെണ്‍കുട്ടികളെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവല്‍ക്കരിച്ചുള്ള വാര്‍ത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും പെണ്‍കുട്ടികളെ സ്വാധീനിക്കുന്നു.

നല്ല ബന്ധങ്ങള്‍ക്കായുള്ള കാത്തിരിപ്പും വിവാഹം വൈകുന്നതിന് ഒരു കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ചെറുപ്രായത്തില്‍ വിവാഹം കഴിക്കാൻ തയ്യാറല്ല. സാമ്പത്തികമായി സുരക്ഷിതത്വം നേടുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം പരിഗണിച്ചുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേരളത്തിലെ പ്രമുഖ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍, വെബ്‌സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയല്‍ രംഗത്തുള്ളവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

വിവാഹം നീട്ടിവയ്ക്കുന്നതും വേണ്ടെന്നുവയ്ക്കുന്നതും ഭാവിയിൽ കേരളത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുമെന്നാണ് ഡോ. എ. ടി. ജിതിന്‍ പറയുന്നത്. അടുത്തുതന്നെ ഇതിന്റെ പ്രതിഫലനം സാമ്പത്തിക,- സാമൂഹിക മേഖലകളില്‍ പ്രകടമാകും. വൈകിയുള്ള വിവാഹം ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനാല്‍ കുട്ടികളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. ഇത് കുടുംബഘടനയിലും സമൂഹ ഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.

mazha-dam-reserviyer-karala-flood Previous post മഴ കുറഞ്ഞതോടെ സംഭരണികളിൽ ജലനിരപ്പ് താഴുന്നു: ഉത്പാദനം വെട്ടിക്കുറച്ച് വൈദ്യുതി ബോർഡ്
sivamoga-ganja-karnataka-crime Next post ശിവമോഗയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ഥികള്‍ പിടിയില്‍