married-councilling-before-wife

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ പൂര്‍വ കൗണ്‍സലിംഗിന് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വിവാഹ രജിസ്ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗണ്‍സലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം. ഭാര്യാ-ഭര്‍തൃബന്ധങ്ങള്‍ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികള്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതല്‍ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നതായി കമ്മിഷനു മുമ്പില്‍ വരുന്ന പരാതികളില്‍ നിന്നും വ്യക്തമാകുന്നു.
അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഏറെയും. പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ വൈകുന്ന കേസുകളാണ് കമ്മിഷന്‍ മുമ്പാകെയെത്തുന്നത്. അവയില്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്വത്ത്, വഴിത്തര്‍ക്കങ്ങള്‍ വ്യാപകമാകുന്നതും അവ അസഭ്യം പറച്ചിലും അതിക്രമങ്ങളുമായി മാറുന്നതും കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടു. ജാഗ്രതാ സമിതികള്‍ ഫലപ്രദമായി ഇടപെട്ടാല്‍ ഒരു പരിധി വരെ പരിഹാരമാകും. ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി 144 പരിശീലന പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കും. കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തിപ്പെടണം. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപ പുരസ്‌കാരം നല്‍കുമെന്നും കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.
56 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 39 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിത കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, പാനല്‍ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സലര്‍ മാനസ, വുമണ്‍ പോലീസ് സെല്‍ ഉദ്യോഗസ്ഥര്‍, വനിത കമ്മിഷന്‍ ജീവനക്കാരായ വൈ.എസ്. പ്രീത, വി. ഷീബ എന്നിവരും പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്-സിറ്റിംഗ് കണ്ണൂര്‍-
കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തില്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, വനിത കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പരാതി കേള്‍ക്കുന്നു.

Leave a Reply

Your email address will not be published.

udf-moytheen-adi-cpm Previous post എസി മൊയ്തീന്റെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച്; അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ
fg--cpi-ezhumattoor-office22_573x321xt Next post വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു, പൂട്ട് തകർത്ത് അകത്തു കയറി സിപിഐ പ്രവർത്തകർ