maram-muri-case-muttil-case-crime

മുട്ടില്‍ മരംമുറി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടുമോ

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ ഉള്‍പ്പെട്ട മുട്ടില്‍ മരംമുറിക്കേസില്‍ വീണ്ടും കുരുക്ക് മുറുകുന്നു

മറ്റു ചാനലുകള്‍ മുട്ടില്‍ മരംമുറി വാര്‍ത്ത ആഘോഷിക്കുന്നു

സ്വന്തം ലേഖകന്‍

മുട്ടില്‍ മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ എന്നിവര്‍ക്ക് കുരുക്ക് മുറുകുന്നു. മരംമുറിക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും രേഖകള്‍ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും പുതിയ വെളിപ്പെടുത്തലുമായി ആദിവാസി കര്‍ഷകര്‍ രംഗത്ത് എത്തിയതോടെയാണ് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്. മരം മുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതി ഉണ്ടെന്നും പറഞ്ഞായിരുന്നു റോജി അഗസ്റ്റിന്‍ സമീപിച്ചതെന്ന് വാഴവറ്റ കോളനിയിലെ വനവാസി പറയുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍ വ്യാജ ഒപ്പിട്ടു അപേക്ഷ നല്‍കിയത് റോജിയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. ഭൂവുടമകള്‍ക്ക് തുച്ഛമായ തുക നല്‍കി കബളിപ്പിച്ചു കൊണ്ടായിരുന്നു മരം മുറിച്ച് കടത്തിയത്. തന്റെ പേരില്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷ വ്യാജമായി സൃഷ്ടിച്ചതാണെന്നും വയനാട് വാളവറ്റ വാളംവയല്‍ കോളനിയിലെ ബാലന്‍ പ്രതികരിച്ചു. താനും സഹോദരിയും എവിടെയും മരം മുറിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടില്ലെന്നും ബാലന്‍ വ്യക്തമാക്കി. എന്നാല്‍ 15 അടിയിലധികം നീളമുള്ള മരങ്ങളാണ് ഇരുവരുടെയും വീട്ടുവളപ്പില്‍ നിന്നും മുറിച്ചത്.

സംഭവത്തിന് പിന്നാലെ തന്റെ ഒപ്പല്ല അപേക്ഷയില്‍ ഉള്ളതെന്ന് ബാലന്‍ നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. വനവാസികളുടെയും ചെറുകിട കര്‍ഷകരുടെയും പേരില്‍ തയ്യാറാക്കിയ അപേക്ഷകള്‍ വ്യാജമാണെന്നും, കൈയ്യക്ഷര പരിശോധനയിലാണ് അപേക്ഷകള്‍ എഴുതി തയാറാക്കി ഒപ്പിട്ട് നല്‍കിയത് പ്രതിയാണെന്ന് കണ്ടെത്തിയതും. മരം മുറി കേസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയിട്ടുുള്ള ഏഴ് അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തി.

പ്രതികളുടേത് ഉള്‍പ്പെടെ 65 ഉടമകളില്‍ നിന്നാണ് മരം മുറിച്ചത്. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രാജകീയ വൃക്ഷങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുറിച്ചു മാറ്റിയത്. വനഗവേഷണ കേന്ദ്രം നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഇത് വ്യക്തമായിരുന്നു. 2020 ഒക്ടോബര്‍ 24ന് വനം വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു.

മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി പുനഃസംപ്രേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആദ്യം മാതൃഭൂമിയും പിന്നീട് ഏഷ്യാനെറ്റ് മീഡിയാവണ്‍, ന്യൂസ് 18 എന്നീ ചാനലുകളും മുട്ടില്‍ മരംമുറി കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. വാര്‍ത്തകള്‍ സജീവമായതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, പ്രതികളും റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരുമായവരെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ ബ്രേക്കിങ് ന്യൂസായി നല്‍കി പ്രതിരോധിക്കുകയും ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് പുതിയ മാനേജ്മെന്റിന് കീഴില്‍ റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം തുടങ്ങിയത്. അതിന് ശേഷമാണ് മുട്ടില്‍ മരം മുറിക്കേസ് സജീവമായത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ചില പത്രങ്ങളും ചാനലകളും വാര്‍ത്തകള്‍ നല്‍കിയത്.

പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്ന് മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ പൂര്‍ണ്ണമായി അടഞ്ഞു. അതേസമയം, വയനാട്ടിലെ മരംമുറി കള്ളക്കഥകള്‍ക്ക് പിന്നില്‍ ആരാണെന്ന ചോദ്യവുമായാണ് റിപ്പോര്‍ട്ടര്‍ ടിവി മുതലാളിമാരെ രക്ഷിക്കാന്‍ രംഗത്തെത്തിയത്. മരം മുറി കേസില്‍ നടന്നത് മാധ്യമ മാടമ്പിത്തരവും, സിനിമാക്കാരന്റെ കള്ളപ്പണവും എന്നനിലയില്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചകള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങളിലേക്ക് വാര്‍ത്ത ഇതുവരെ കടന്നില്ല. മുട്ടിലിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ മരം മുറിക്കപ്പെട്ട സ്ഥലങ്ങളുണ്ടെന്നും ഇതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതര്‍ക്കും, സിനിമ മേഖലയിലെ ചിലര്‍ക്കും പങ്കുണ്ടെന്നും ചാനല്‍ ആരോപിക്കുന്നുണ്ട്. വലിയ പരസ്യപ്രചാരണം നല്‍കിയും വന്‍ ശമ്പളം ഓഫര്‍ ചെയ്ത് റിപ്പോര്‍ട്ടര്‍മാരെയും നിയോഗിച്ചുള്ള തുടക്കമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയത്. എം വി നികേഷ് കുമാര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയി എത്തുന്നു. കണ്‍സല്‍ട്ടിംഗ് എഡിറ്ററായി ഡോ. അരുണ്‍കുമാര്‍, എക്സിക്യൂട്ടീവ് എഡിറ്ററായി സ്മൃതി പരുത്തിക്കാട്, ഡിജിറ്റല്‍ ഹെഡ് ആയി ഉണ്ണി ബാലകൃഷ്ണന്‍, കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വ്വതി എന്നിവരുമുണ്ട്.

മുഖംമിനുക്കിയെത്തുമ്പോള്‍ മലയാളത്തിലെ മറ്റു വാര്‍ത്താ ചാനലുകള്‍ക്കെല്ലാം റിപ്പോര്‍ട്ടര്‍ വെല്ലുവിളിയായി മാറുമെന്നും കരുതിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കൊപ്പം മറ്റു പ്രമുഖരേയും സ്റ്റുഡിയോയില്‍ അണിനിരത്തിയാണ് ചാനല്‍ തുടക്കമിട്ടത്. കേരളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ളവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി. പ്രൊഫഷണലിസവും അത്യാധുനിക സാങ്കേതിക വിദ്യകളുമെല്ലാം ഒത്തുചേരുന്നതാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പുതുമോടി. വാര്‍ത്തകളും വിശേഷങ്ങളുമായി വരാനിരിക്കുന്ന ദിവസങ്ങളില്‍ മറ്റു ചാനലുകളെ അതിവേഗം പിന്നിലാക്കാന്‍ കഴിയുമെന്ന് കരുതിയിരുന്ന ചാനല്‍ ഉടമകള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. മുട്ടില്‍ മരംമുറിയും ഒരു വാര്‍ത്തയാണ്. ഈ വാര്‍ത്ത എങ്ങനെ റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്. പ്രമുഖന്‍ എന്നൊരു പദം ഉപയോഗിക്കില്ലെന്നും, തെറ്റു ചെയ്യുന്നവരെ പേരെടുത്ത് വിമര്‍ശിച്ച് വാര്‍ത്ത ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ അവകാശവാദം വരും ദിവസങ്ങളില്‍ പാലിക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Leave a Reply

Your email address will not be published.

mr.renjith-sports-council-vice-president-kerala Previous post എം.ആർ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌
New-Project-consoling-bag-chief-minister Next post കൺസോളിൽ ബാഗ് തട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നം, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാർ സംഭവിച്ചതിൽ പ്രതികരിച്ച് ഉടമ