
മണിപ്പുരിൽ 20 വർഷത്തിനു ശേഷം ഹിന്ദി സിനിമ; ‘ഉറി’ പ്രദർശിപ്പിച്ച് കുക്കികൾ
ഇനിയും കലാപത്തീ അണയാത്ത മണിപ്പുരിൽ 3000 താൽക്കാലിക വീടുകൾ (പ്രീ ഫാബ്രിക്കേറ്റഡ്) പണിത് ദുരിതാശ്വാസ ക്യാംപുകളിലുള്ളവരെ പുനരധിവസിപ്പിക്കാൻ നീക്കം ഊർജിതം. അഞ്ചിടങ്ങളിലായി നിർമിക്കുന്ന വീടുകളിൽ രണ്ടു മുറിയും ശുചിമുറിയുമാണുണ്ടാവുക. ഒരു നിരയിലെ 10 വീടുകൾക്ക് ഒരു സമൂഹ അടുക്കളയും ഏർപ്പെടുത്തും.
സ്വാതന്ത്ര്യദിനത്തിൽ ഇംഫാലിൽ ദേശീയപതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി ബിരേൻ സിങ് സമാധാനത്തിന് അഭ്യർഥന നടത്തി. പുറത്തു നിന്നുള്ള ശക്തികളാണു മണിപ്പുരിലെ കലാപത്തിനു കാരണമെന്നു പറഞ്ഞു. തെറ്റിദ്ധാരണകൾ ഒന്നിച്ചിരുന്നു പരിഹരിക്കാമെന്നും വാതിലുകൾ എന്നും തുറന്നാണു കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതേസമയം, കലാപത്തിനു പിന്നിൽ ബിരേൻ സിങ്ങിനു പങ്കുണ്ടെന്നും മുഖ്യമന്ത്രിയുമായി ഒരു തരത്തിലുമുള്ള ചർച്ചയ്ക്കും തയാറല്ലെന്നും നേരത്തേ കുക്കി ഗോത്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ഭരണപ്രദേശം മാത്രമാണ് ഏക പരിഹാരമെന്ന നിലപാടിലാണ് ഇവർ.
സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കാൻ നിരോധിത മെയ്തെയ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോത്രപ്രദേശങ്ങൾ ആഘോഷത്തിൽ പങ്കാളികളായി. ചുരാചന്ദ്പുരിൽ നടന്ന സ്വാതന്ത്ര്യദിനറാലിയിൽ സുരക്ഷാസൈനികർക്കൊപ്പം കുക്കികളും പങ്കെടുത്തു. 20 വർഷത്തിനു ശേഷം മണിപ്പുരിൽ ഹിന്ദി സിനിമ പ്രദർശനവും കുക്കികൾ ഒരുക്കി. ‘ഉറി’ സിനിമയാണു പ്രദർശിപ്പിച്ചത്.
മണിപ്പുരിൽ സംസ്കാരത്തെ മലിനപ്പെടുത്തുന്നുവെന്നാരോപിച്ചാണു ബോളിവുഡ് സിനിമകൾക്ക് മെയ്തെയ് ഭീകരസംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മണിപ്പുരിന്റെ അഭിമാനമായ ബോക്സിങ് ഇതിഹാസം മേരി കോമിനെക്കുറിച്ചുള്ള സിനിമയും ഇതേകാരണത്താൽ മണിപ്പുരിൽ പ്രദർശിപ്പിച്ചിരുന്നില്ല.
കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലും ഇന്നലെ തൗബാലിൽ ഒരാൾക്ക് വെടിയേറ്റു. തിരച്ചിലിൽ ബോംബുകൾ കണ്ടെത്തി. മണിപ്പുരിലെ സംഭവങ്ങളിൽ മിസോറം മുഖ്യമന്ത്രി സോറം താങ്ഗയും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വേദന പങ്കുവച്ചു. മിസോ ജനത ഒന്നടങ്കം മണിപ്പുരിലെ കലാപത്തിൽ വേദനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുക്കി ഗോത്രവുമായി അടുത്ത ബന്ധമുള്ളവരാണു മിസോകൾ. മണിപ്പുർ കലാപത്തിൽ പലായനം ചേയ്യേണ്ടിവന്ന 12000ലേറെ ഗോത്രവർഗക്കാരെയാണു മിസോറം സംരക്ഷിക്കുന്നത്.