
മമ്മൂട്ടിയുടെ നായികയായി അവസരം; എന്നിട്ടും നോ പറഞ്ഞു; കാരണം പറഞ്ഞ് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധു കൃഷ്ണയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
സിന്ധുവിന്റെ ചാനലിലും ധാരാളം ഫോളോവേഴ്സുണ്ട്. മക്കൾക്കൊപ്പമുള്ള വീഡിയോകളിലൂടേയും അല്ലാതെയുള്ള വീഡിയോകളിലൂടേയുമൊക്കെ സോഷ്യൽ മീഡിയയിൽ സിന്ധുവും സാന്നിധ്യം അറിയിക്കുകയാണ്. തന്റെ ക്യു ആന്റ് എ വീഡിയോകൽ മക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം സിന്ധു മറുപടി പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇതുപോലെ പ്രശസ്തരായ മറ്റൊരു അമ്മയും മക്കളുമുണ്ടാകില്ല.
ഭർത്താവും മക്കളുമെല്ലാം സിനിമാതാരങ്ങൾ ആണെങ്കിലും സിന്ധു ഇതുവരേയും അഭിനയത്തിലേക്ക് കടന്നിട്ടില്ല. എന്നാൽ തനിക്ക് അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടല്ലെന്നും മുമ്പ് അവസരം ലഭിച്ചപ്പോൾ താൻ വേണ്ടെന്ന് വച്ചതാണെന്നാണ് സിന്ധു പറയുന്നത്. ഇപ്പോൾ അവസരം ലഭിക്കുകയാണെങ്കിൽ പറ്റിയ കഥാപാത്രമാണെങ്കിൽ താൻ ചെയ്യാൻ തയ്യാറാണെന്നും സിന്ധു പുതിയ വീഡിയോയിൽ പറയുന്നുണ്ട്.
സിന്ധുവിനെ തേടി അന്ന് വന്നത് വളരെ വലിയൊരു അവസരമായിരുന്നു. മമ്മൂട്ടിയുടെ നായികയായി, ലോഹിതദാസിന്റെ സിനിമയായ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാനുള്ള അവസരമാണ് അന്ന് ലഭിച്ചതെന്നാണ് സിന്ധു പറയുന്നത്. പിന്നീട് ഈ വേഷത്തിലേക്ക് ശ്രീലക്ഷ്മിയെത്തുകയായിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമായി നിൽക്കുന്ന നടിയാണ് ശ്രീലക്ഷ്മി. ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
ഭൂതക്കണ്ണാടിയിലേക്ക് ശ്രീലക്ഷ്മി വരും മുമ്പ് ലോഹിതദാസ് തന്നെ വിൽച്ചിരുന്നിവെന്നാണ് സിന്ധു പറയുന്നത്. കിരീടം ഉണ്ണിയായിരുന്നു സിനിമയുടെ നിർമ്മാണം. സാറിന് സിന്ധുവിന് ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്ന് മൂത്ത മകൾ അഹാന ചെറുതായിരുന്നു. അതിനാൽ അഭിനയിക്കാൻ ആഗ്രഹമില്ലായിരുന്നു. വിളിച്ചതു കൊണ്ട് പോയി എന്നാണ് സിന്ധു പറയുന്നത്. ഷൊർണ്ണൂർ വച്ചായിരുന്നു കൂടിക്കാഴ്ച.
താൻ അന്ന് കാഴ്ചയിൽ ചെറിയ കുട്ടിയായിരുന്നു. അത്ര തടിയൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ആ കഥാപാത്രത്തിന് ചേരുന്ന രൂപമല്ലെന്ന് പറഞ്ഞുവെന്നാണ് സിന്ധു പറയുന്നത്. അതോടെ തനിക്ക് സമാധാനമായെന്നും സിന്ധു തുറന്ന് പറയുന്നു. അതേസമയം ശ്രീലക്ഷ്മി വളരെ നന്നായാണ് അഭിനയിച്ചതെന്നും ഭൂതക്കണ്ണാടി തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും സിന്ധു പറയുന്നു. ശ്രീലക്ഷ്മിയെ ഈയ്യടുത്ത് കണ്ടിരുന്നുവെന്നും അവർ പറയുന്നു.
അഹാനയ്ക്ക് സംവിധാനത്തിൽ താൽപര്യമുണ്ട്. മക്കൾ സിനിമ ചെയ്യുമ്പോൾ തന്നെ പരിഗണിക്കുകയാണെങ്കിൽ അഭിനയം പരീക്ഷിക്കാമെന്നും സിന്ധു പറയുന്നു. അതേസമയം ഓണത്തിന് സിന്ധുവും മക്കൾ നാല് പേരും ചേർന്ന് നടത്തിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. ട്രെഡിഷണൽ ലുക്കിലായിരുന്നു അമ്മയും മക്കളുമെത്തിയത്.
നെപ്പോട്ടിസം വിമർശനങ്ങളോടും സിന്ധു പ്രതികരിക്കുന്നുണ്ട്. ”എല്ലാവരും പറയും നെപ്പോട്ടിസമാണെന്ന്. നമുക്ക് നെപ്പോട്ടിസമില്ലായിരുന്നു. നെപ്പോട്ടിസത്തിലൂടെ എന്റെ പിള്ളേർക്ക് സിനിമയിൽ അവസരം കിട്ടിയിട്ടില്ല. ഇന്ന് അവർ എവിടെ എങ്കിലും എത്തി നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഹാർഡ് വർക്കിന്റെ ഫലമാണ്” എന്നാണ് സിന്ധു പറയുന്നതു.